ശരാശരി 752!, സിക്‌സുകളുടെ മാലപ്പടക്കവുമായി കരുണ്‍, അവിശ്വസനീയ ലോക റെക്കോര്‍ഡ് തലനാരിഴക്ക് നഷ്ടമായി
നാഗ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ കരുണ്‍ നായരുടെ അവിശ്വസനീയമായ ഫോം തുടരുന്നു. മഹാരാഷ്ട്രയ്ക്കെതിരെ 44 പന്തില്‍ നിന്ന് പുറത്താകാതെ 88 റണ്‍സ് നേടിയാണ് നായര്‍ വീണ്ടും തന്റെ മികവ് തെളിയിച്ചത്.
തുടര്‍ച്ചയായ സെഞ്ച്വറികളുടെ ലോക റെക്കോര്‍ഡ് നഷ്ടമായെങ്കിലും, ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയില്‍ നായരുടെ ശരാശരി 752 എന്ന അമ്പരപ്പിക്കുന്ന നിലയിലാണ്. ടൂര്‍ണമെന്റില്‍ കളിച്ച ഏഴ് ഇന്നിംഗ്‌സുകളില്‍ ആറെണ്ണത്തിലും പുറത്താകാതെ നില്‍ക്കാന്‍ നായര്‍ക്ക് കഴിഞ്ഞു.
കരുണ്‍ നായരുടെ സമീപകാല സ്‌കോറുകള്‍ ഇങ്ങനെയാണ്: 112, 44, 163, 111, 112, 122, 88. ജനുവരി 3 ന് ഉത്തര്‍പ്രദേശിനെതിരെ നായര്‍ നേടിയ 112 റണ്‍സ് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ സ്‌കോര്‍ 542 ആക്കി ഉയര്‍ത്തിയിരുന്നു, ഇത് ഏകദിന ക്രിക്കറ്റിലെ ഒരു ലോക റെക്കോര്‍ഡാണ്.
മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ വിദര്‍ഭ 380/3 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. ധ്രുവ് ഷോറെയും യശ് റാത്തോഡും ചേര്‍ന്ന് 34.4 ഓവറില്‍ 224 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി. 101 പന്തില്‍ നിന്ന് 116 റണ്‍സ് നേടിയ റാത്തോഡ് പുറത്തായപ്പോഴാണ് നായര്‍ ക്രീസിലെത്തിയത്.
ഒമ്പത് ഫോറുകളും അഞ്ച് സിക്‌സറുകളും നേടിയ നായര്‍ 200 എന്ന സ്ട്രൈക്ക് റേറ്റോടെയാണ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. 33 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ജിതേഷ് ശര്‍മ്മയുമായി ചേര്‍ന്ന് 59 പന്തില്‍ നിന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടും നായര്‍ പടുത്തുയര്‍ത്തി.
തുടര്‍ച്ചയായ സെഞ്ച്വറികള്‍ നേടുന്ന കരുണ്‍ നായര്‍ 2025 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള ഒരു സാധ്യതയായി മാറിയിരിക്കുകയാണ്. 2016 ല്‍ ഇന്ത്യയുടെ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ച്വറിയന്‍ ആയ നായര്‍ പിന്നീട് കര്‍ണാടക ടീമില്‍ നിന്ന് പോലും പുറത്തായിരുന്നു. എന്നാല്‍ 2023 ല്‍ വിദര്‍ഭയ്ക്കായി കളിക്കാന്‍ തുടങ്ങിയ നായര്‍ മികച്ച പ്രകടനം തുടരുകയാണ്.