Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഫോം സ്വപ്‌ന സമാനം, ഇന്ത്യയുടെ മധ്യനിരയില്‍ ആ മലയാളി കളിക്കട്ടെ, കരുണിനോട് നീതി ചെയ്‌തേ തീരു

04:47 PM Jan 04, 2025 IST | Fahad Abdul Khader
UpdateAt: 04:47 PM Jan 04, 2025 IST
Advertisement

രഞ്ജിത്ത് ഗോപാലകൃഷ്ണന്‍

Advertisement

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചിട്ടുള്ളത് രണ്ടേ രണ്ട് ബാറ്ററന്മാരാണ്. വീരേന്ദ്ര സേവാഗും, കരുണ്‍ നായരും. അതില്‍ തന്നെ സെവാഗ് രണ്ട് ട്രിപ്പിള്‍ അടിച്ചിട്ടുണ്ട്. ലോകക്രിക്കറ്റില്‍ തന്നെ സേവാഗടക്കം ആകെ നാല് പേര്‍ക്കാണ് രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ദി ഗ്രേറ്റ്‌സ് എന്നും ദൈവം എന്നും സൂപ്പര്‍ സ്റ്റാറുകള്‍ എന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ട പട്ടോടി, വിശ്വനാഥ്, ഗവാസ്‌ക്കര്‍, അസര്‍, സച്ചിന്‍ ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മണ്‍ തുടങ്ങി കോഹ്ലി വരെയുള്ളവരാരും ട്രിപ്പിള്‍ അടിച്ചിട്ടില്ല.

Advertisement

അവിടെയാണ് മലയാളിയായ, ഞങ്ങളുടെ ചെങ്ങന്നൂരുകാരനായ കരുണ്‍ നായരുടെ ട്രിപ്പിള്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. കരുണ്‍ ജനിച്ചതും, വളര്‍ന്നതും ക്രിക്കറ്റ് കളിച്ചതുമെല്ലാം കര്‍ണ്ണാടകയിലാണ്. 2016 ല്‍ ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റില്‍ പുറത്താവാതെ 303 റണ്‍സാണ് കരുണ്‍ നേടിയത്.

ദൗര്‍ഭാഗ്യവശാല്‍ ഏതാനും ടെസ്റ്റുകള്‍ക്ക് ശേഷം കരുണിനെ സെലക്റ്ററന്മാര്‍ തഴഞ്ഞു. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും വീണ്ടും വീണ്ടും ചാന്‍സ് കിട്ടുന്ന ചിലരെ പോലെ കരുണിന് പിന്തുണ കിട്ടിയില്ല.

2017 ല്‍ ആസ്‌ത്രേലിയക്കെതിരായ പരമ്പരക്ക് ശേഷം കരുണ്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. ഐ പി എല്ലിലും കരുണ്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പൂജാരയെ പോലെ കരുണും ടെസ്റ്റ് ക്രിക്കറ്റിന് പറ്റിയ ക്ഷമയോടെ ഇന്നിംഗ്‌സ് കളിക്കുന്ന കളിക്കാരനാണ്..

ഇപ്പോള്‍, കരുണിനെക്കുറിച്ച് പറയാന്‍ കാരണം ആഭ്യന്തര ക്രിക്കറ്റില്‍ കരുണ്‍ നായര്‍ ഇപ്പോള്‍ പുലര്‍ത്തുന്ന ഉജ്ജ്വല ഫോമാണ്. ലിസ്റ്റ് എ മത്സരങ്ങളില്‍ വിദര്‍ഭക്കായി കളിക്കുന്ന കരുണ്‍ 112, 44,163, 111 എന്നിങ്ങനെ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ നോട്ട് ഔട്ടായി നിന്ന ശേഷം ഒടുവില്‍ ഉത്തരപ്രദേശിനെതിരെ ഇക്കഴിഞ്ഞ മത്സരത്തിലാണ് ഒന്ന് ഔട്ടായത്. അതും 112 റണ്‍സെടുത്ത് ടീമിനെ വിജയത്തിന് അരികില്‍ എത്തിച്ച ശേഷം. ലിസ്റ്റ് എ ക്രിക്കറ്റില്‍ കരുണ്‍ പുതിയ ലോക റിക്കാര്‍ഡാണ് ഇതിലൂടെ സ്ഥാപിച്ചതും.

കേവലം 32 വയസ്സ് മാത്രമേ കരുണിനുള്ളൂ. അതായതു പാണ്ട്യയുടെയും , ബുമ്രയുടെയും കെഎല്‍ രാഹുലിന്റെയുമൊക്കെ പ്രായം. ഇനിയും ഏറെ ക്രിക്കറ്റ് കരുണിലുണ്ട്. ഉജ്ജ്വല ഫോമിലുള്ള കരുണിനെ പോലെ ഒരാളെ ഇന്ത്യയുടെ മദ്ധ്യനിരക്കിപ്പോള്‍ അത്യാവശ്യമുണ്ട്.

ഇപ്പോള്‍ ഫോമിലുള്ള സമയത്ത് കരുണിനെ ഇന്ത്യന്‍ ടീമിലേക്ക് അടുത്ത ടെസ്റ്റ് പരമ്പരയിലേക്ക് നിശ്ചയമായും പരിഗണിക്കേണ്ടതാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ ടീമിന്റെ ദയനീയമായ സമീപകാല പ്രകടനങ്ങള്‍ കാണുമ്പോള്‍ കരുണിനെ പോലെ സാങ്കേതിക തികവുള്ള ഒരു ബാറ്റര്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും.
ഇനിയും ആ ബാറ്റില്‍ നിന്നും ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറികള്‍ പിറക്കട്ടെ.

Advertisement
Next Article