രോഹിതിന് ബൗളർമാരെ ഉപയോഗിക്കാൻ പോലുമറിയില്ല, ബുംറ എത്രയോ മികച്ച ക്യാപ്റ്റൻ; രൂക്ഷവിമർശനവുമായി ഓസീസ് ഇതിഹാസം
ഇന്ത്യൻ ക്യാപ്റ്റൻമാരായ രോഹിത് ശർമ്മയുടെയും ജസ്പ്രീത് ബുംറയുടെയും ക്യാപ്റ്റൻസി ശൈലികളെ താരതമ്യം ചെയ്ത് മുൻ ഓസ്ട്രേലിയൻ താരം സൈമൺ കാറ്റിച്ച്. തന്റെ ബൗളർമാരെ സമർത്ഥമായി ഉപയോഗിക്കുന്ന കാര്യത്തിൽ ബുംറയാണ് മികച്ചു നിൽക്കുന്നത് എന്നാണ് കാറ്റിച്ചിന്റെ പക്ഷം.
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ ബുംറയാണ് ഇന്ത്യയെ നയിച്ചത്. മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ബുംറ 8 വിക്കറ്റുകൾ വീഴ്ത്തി. കൂടാതെ ഇന്നിംഗ്സ് ഡിക്ലറേഷൻ അടക്കം നിർണായ സമയങ്ങളിൽ മികച്ച തീരുമാനങ്ങളുമായി നായകൻ എന്ന നിലയിലും ബുംറ തിളങ്ങി. ഇതോടെ, ഇന്ത്യ മത്സരത്തിൽ 295 റൺസിന് വിജയിച്ചു.
എന്നാൽ അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ രോഹിത് ക്യാപ്റ്റനായെത്തിയപ്പോൾ ഇന്ത്യ 10 വിക്കറ്റിന് തോറ്റു.
'അറൗണ്ട് ദി വിക്കറ്റ്' പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, പെർത്തിൽ ബുംറ തന്റെ ബൗളർമാരെ ഉപയോഗിച്ച രീതി അഡ്‌ലെയ്ഡിൽ രോഹിതിനേക്കാൾ മികച്ചതായിരുന്നുവെന്ന് കാറ്റിച്ച് അഭിപ്രായപ്പെട്ടു.
"രണ്ട് ഫലങ്ങളും താരതമ്യം ചെയ്യുമ്പോൾ, പെർത്തിൽ രോഹിത് ശർമ്മ ചിത്രത്തിലേ ഇല്ലായിരുന്നു. ബുംറയുടെ ക്യാപ്റ്റൻസിയും പ്രത്യേകിച്ച്, അദ്ദേഹം തന്റെ ബൗളർമാരെ ഉപയോഗിച്ച രീതിയും, അഡ്‌ലെയ്ഡിൽ നമ്മൾ കണ്ടതിനേക്കാൾ വളരെ മികച്ചതായിരുന്നു. പെർത്തിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 7/67 എന്ന നിലയിലായിരുന്നപ്പോൾ, ഇന്ത്യ സ്റ്റമ്പുകൾ ആക്രമിക്കുകയും കൂടുതൽ ഫുള്ളർ ലെങ്തിൽ പന്തുകൾ എറിയുകയും ചെയ്തു. എന്നാൽ ഈ ആക്രമണോത്സുകത അഡലൈഡിൽ കണ്ടില്ല" കാറ്റിച്ച് പറഞ്ഞു.
രോഹിത് തന്റെ ഫാസ്റ്റ് ബൗളർമാരോട് കൂടുതൽ സജീവമായി ഇടപെടണമെന്നും സ്ലിപ്പ് കോർഡണിൽ നിന്ന് അവർക്ക് വിലപ്പെട്ട ഫീഡ്‌ബാക്ക് നൽകണമെന്നും കാറ്റിച്ച് നിർദ്ദേശിച്ചു.
"അഡ്‌ലെയ്ഡിലെ പിച്ചിന്റെ മാപ്പ് നോക്കുമ്പോൾ, ഒന്നാം ദിനം രാത്രിയിൽ, അവർ വളരെയധികം ഷോർട്ട് പിച്ച് പന്തുകളും, കൂടുതൽ വിഡ്ത് നൽകുന്ന പന്തുകളുമാണ് എറിഞ്ഞത്. അത് ഗെയിം പ്ലാനിങ് വിരുദ്ധമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. രോഹിത് ശർമ്മ ഫസ്റ്റ് സ്ലിപ്പിൽ ആയിരുന്നു, അദ്ദേഹം എല്ലാം കണ്ടു, പക്ഷെ ബൗളർമാരുമായി ഇക്കാര്യം സംസാരിക്കാൻ അദ്ദേഹം മെനക്കെട്ടില്ല. അദ്ദേഹം തന്റെ ഫാസ്റ്റ് ബൗളർമാരോട് കൂടുതൽ സജീവമായി ഇടപെടേണ്ടതുണ്ട്. കാരണം ആ സെഷനിൽ ഓസ്ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് രക്ഷപ്പെട്ടു, തൽഫലമായി, ടെസ്റ്റ് അവർ വിജയിച്ചു," കാറ്റിച്ച് പറഞ്ഞു.
അതേസമയം, ഓസ്ട്രേലിയയ്‌ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ ഭീമൻ തോൽവി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനൽ യോഗ്യതയെയും സങ്കീർണ്ണമാക്കിയിട്ടുണ്ട്.
മറ്റ് ടീമുകളെ ആശ്രയിക്കാതെ ഡബ്ല്യുടിസി ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യ നിലവിലെ പരമ്പര ഇനി 3-1 അല്ലെങ്കിൽ 4-1 എന്ന മാർജിനിൽ ജയിക്കേണ്ടതുണ്ട്.
അഡ്‌ലെയ്ഡ് തോൽവിക്ക് ശേഷം, 57.29% പോയിന്റ് ശതമാനവുമായി ഇന്ത്യ ഡബ്ല്യുടിസി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. മറുവശത്ത്, 60.71% എന്ന ശതമാനവുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് തുടരുന്നു.
അതേസമയം, ശ്രീലങ്കയെ 2-0 എന്ന മാർജിനിൽ തോൽപ്പിച്ചതിന് ശേഷം ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തി. 63.33% പോയിന്റ് ശതമാനമുള്ള പ്രോട്ടീസിന് അടുത്ത വർഷം ലോർഡ്‌സിൽ നടക്കാനിരിക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടാൻ ഇനി ഒരു വിജയം കൂടി മതി.