Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ആദ്യ കളിയല്ലേ.. സാരമില്ല, ബ്ലാസ്റ്റേഴ്സ് വീണത് പൊരുതി തന്നെ

10:56 PM Sep 15, 2024 IST | admin
UpdateAt: 10:56 PM Sep 15, 2024 IST
Advertisement

പൊരുതി കളിച്ചിട്ടും ഐഎസ്എല്‍ പതിനൊന്നാം സീസണിലെ ആദ്യ കളിയില്‍ കേരള ബ്ലാസ്റ്റേഴ്സിനു തോല്‍വി. പഞ്ചാബ് എഫ് സി ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി. പകരക്കാരനായെത്തി ഒരു ഗോള്‍ അടിക്കുകയും മറ്റൊന്നിനു അവസരമൊരുക്കുകയും ചെയ്ത ലുക്കാ മാജ്‌സന്‍ പഞ്ചാബിനു ജയമൊരുക്കിയത്. വിജയ ഗോള്‍ ഇഞ്ചുറി ടൈമില്‍ ഫിലിപ് മിര്‍സ്ലക് നേടി. ബ്ലാസ്റ്റേഴ്സിനായി സ്പാനിഷുകാരന്‍ ജീസസ് ജിമിനെസാണ് ഒരെണ്ണം മടക്കിയത്.

Advertisement

സീസണിലെ ആദ്യ കളിയില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ വല കാക്കാനെത്തിയത് സച്ചിന്‍ സുരേഷ് ആയിരുന്നു. പ്രതിരോധത്തില്‍ സന്ദീപ് സിങ്, പ്രീതം കോട്ടല്‍, മുഹമ്മദ് സഹീഫ്, മിലോസ് ഡ്രിന്‍സിച് എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ അലക്‌സന്‍ഡ്രെ കൊയെഫ്, ഫ്രഡി ലല്ലാംമാവ്മ, മുഹമ്മദ് അയ്മന്‍ എന്നിവരും മുന്നേറ്റത്തില്‍ നോഹ സദൂയ്, ക്വാമി പെപ്ര, രാഹുല്‍ കെ പി എന്നിവരുമെത്തി.

പഞ്ചാബ് എഫ് സിയുടെ ഗോള്‍ മുഖത്ത് രവികുമാര്‍ ആയിരുന്നു. കെ ലുങ്ധിം, അഭിഷേക് സിങ്, സുരേഷ് മെയ്തി, ഇവാന്‍ നുവോസെലച് എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ ഫിലിപ് മിര്‍സിയാക്, വിനിത് റായ്, എസ്‌ക്യുയെല്‍ വിദാല്‍, നിഖില്‍ പ്രഭു എന്നിവര്‍. ബക്കെങ്ങയും നിഹാല്‍ സുധീഷുമായിരുന്നു മുന്നേറ്റത്തില്‍.

Advertisement

ആദ്യ ഘട്ടത്തില്‍ പ്രതിരോധത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ. പതിയെ ആക്രമണത്തിലേക്ക് നീങ്ങി. രാഹുലിന്റെ തകര്‍പ്പന്‍ നീക്കം സദൂയിയെ ലക്ഷ്യം വച്ചെങ്കിലും നിഖില്‍ പ്രഭു തടഞ്ഞു. ഇതിനിടെ ബോക്‌സിന്റെ വലതുഭാഗത്തു പഞ്ചാബിനു ഫ്രീകിക്ക് കിട്ടി. വിദാലിന്റെ ബോക്‌സിലേക്കുള്ള ഷോട്ട് കൊയെഫ് തടഞ്ഞു. അടുത്ത നിമിഷം അയ്മനെ പഞ്ചാബ് പ്രതിരോധം ബോക്‌സിനു മുന്നില്‍ വച്ച് പിടിച്ചു കെട്ടി. ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. ഇടത് വശത്തു സദൂയ് തൊടുത്ത ഒന്നാന്തരം ക്രോസ് രാഹുലിന് പിടിച്ചെടുക്കാനായില്ല. മറുവശത്തു പഞ്ചാബിനു കിട്ടിയ കോര്‍ണറില്‍ മിര്‍സിയാക് തല വച്ചെങ്കിലും ബാറിനു മുകളിലൂടെ പറന്നു. പിന്നാലെ ബ്ലാസ്റ്റേഴ്സ് പ്രത്യാക്രമണം. പക്ഷെ പഞ്ചാബ് പ്രതിരോധം രാഹുലിനെ വിട്ടില്ല.മുപ്പത്തേഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനു സുവര്‍ണാവസരം കിട്ടി. സദൂയ് തൊടുത്ത കോര്‍ണര്‍ കൃത്യം ഗോള്‍ മുഖത്തു. പക്ഷേ അയ്മന് തല വയ്ക്കാനായില്ല. ഇതിനിടെ ബക്കെങ്ങ ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി.

ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. മുന്നേറ്റത്തില്‍ പെപ്രയ്ക്ക് പകരം ജീസസ് ജിമിനെസ് ഇറങ്ങി. മധ്യനിരയില്‍ അയ്മന് പകരം വിബിന്‍ മോഹനനും എത്തി. ബ്ലാസ്റ്റേഴ്സ് ആക്രമണം തുടര്‍ന്നു. എന്നാല്‍ പഞ്ചാബ് പ്രതിരോധം ഉറച്ചു നിന്നതോടെ ഗോള്‍ അകന്നു. 58-ആം മിനിറ്റില്‍ സദൂയിയുടെ തകര്‍പ്പന്‍ ഷോട്ട് പഞ്ചാബ് ഗോള്‍ കീപ്പര്‍ രവികുമാര്‍ ഇടത്തേക്ക് പറന്ന് തട്ടിയകറ്റി.70-ആം മിനിറ്റില്‍ രാഹുലിന്റെ ഒന്നാന്തരം ലോങ് ക്രോസ് ബോക്‌സിലേക്ക് പറന്നെങ്കിലും ജിമിനെസിനും സദൂയിക്കും പന്ത് എടുക്കാനായില്ല. രണ്ട് മാറ്റങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്സ് വരുത്തി. ഫ്രഡിക്ക് പകരം മുഹമ്മദ് അസ്ഹറും സന്ദീപിന് പകരം ഐബന്‍ ദോഹ്ലിങ്ങും ഇറങ്ങി.

83-ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പെനല്‍റ്റി വഴങ്ങി. ലിയോണ്‍ അഗസ്റ്റിനെ സഹീഫ് ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. ലുക്കാ മൈസെന്‍ കിക്ക് എടുത്തു. ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന് തടയാനായില്ല. തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്സ് ആഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. പിന്നാലെ സഹീഫിനെ പിന്‍വലിച്ച് കോച്ച് മിഖായേല്‍ സ്റ്റാറെ യോഹെന്‍ബ മീതെയിയെ ഇറക്കി. പരിക്ക് സമയത്തായിരുന്നു ജിമിനിസിന്റെ തകര്‍പ്പന്‍ ഹെഡര്‍. 92-ആം മിനിറ്റില്‍ പ്രീതം കോട്ടല്‍ തൊടുത്ത ക്രോസില്‍ സ്പാനിഷുകാരന്‍ തല വച്ചു. എന്നാല്‍ 95ആം മിനിറ്റില്‍ പഞ്ചാബ് വീണ്ടും ലീഡ് നേടി.മാജ്‌സന്റെ നീക്കം മിര്‍സ്ലക് പിടിച്ചെടുത്ത് ബോക്‌സിലേക്ക് തൊടുത്തു. സച്ചിന്‍ ശ്രമിച്ചെങ്കിലും തടയാനായില്ല. അടുത്ത നിമിഷം മിലോസ് ഡ്രിന്‍സിച്ചിന്റെ ഹെഡര്‍ രവികുമാര്‍ പിടിച്ചെടുത്തു.

അടുത്ത കളിയില്‍ 22ന് ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. കൊച്ചിയാണ് വേദി.

Advertisement
Next Article