സഞ്ജുവിന് പിന്തുണ, ശ്രീശാന്തിനെതിരെ കടുത്ത നടപടിയ്‌ക്കൊരുങ്ങി കെസിഎ
മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിനെതിരെ നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സഞ്ജു സാംസണ്‍ വിഷയത്തില്‍ പ്രതികരിച്ചതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം ടീമിന്റെ സഹ ഉടമ എന്ന നിലയില്‍, കെസിഎയുടെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് നോട്ടീസില്‍ പറയുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും സൂചനയുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജുവിനെ തഴഞ്ഞതിന് പിന്നാലെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് കെസിഎയെ പ്രതിക്കൂട്ടിലാക്കിയത്. ഇതിനിടെ, സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്തെത്തി. കേരളത്തില്‍ നിന്നുള്ള ഏക അന്താരാഷ്ട്ര താരം എന്ന നിലയില്‍ സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും വിമര്‍ശിക്കരുതെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു.
എന്നാല്‍, കെസിഎല്‍ ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ പ്രതികരണം ചട്ടലംഘനമായി കണക്കാക്കുന്നു. കെസിഎയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന പരാമര്‍ശങ്ങളാണ് ശ്രീശാന്ത് നടത്തിയതെന്നും നോട്ടീസില്‍ പറയുന്നു. ഇതോടെ സഞ്ജു-കെസിഎ തര്‍ക്കം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.