സഞ്ജുവിനെതിരെ കെസിഎ പറഞ്ഞത് പച്ചക്കള്ളം, നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്
സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) തമ്മിലുള്ള തര്‍ക്കം മലയാളികളായ ക്രിക്കറ്റ് ആരാധകരില്‍ നിരാശ പടര്‍ത്തിയിരിക്കുകയാണ്. ചാംപ്യന്‍സ് ട്രോഫിയ്ക്കായുളള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഈ വിവാദം ഉടലെടുത്തിരിക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു ടീമില്‍ നിന്ന് മാറ്റിനിന്നതാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജുവിനെ പുറത്താക്കാന്‍ കാരണമായി പറയുന്നത്. എന്നാല്‍ സഞ്ജു വിജയ് ഹസാരെ കളിക്കാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ കെസിഎ സഞജുവിനെ തഴയുകയായിരുന്നെന്നുമാണ് സഞ്ജു അനുകൂലികള്‍ പറയുന്നത്. ഇതിന് മറുപടിയായി കൃത്യമായ ആശയവിനിമയം നടത്താത്തതാണ് സഞ്ജുവിന്റെ ഒഴിവാക്കലിന് കാരണമെന്ന് കെസിഎയും വാദിക്കുന്നു.
ഈ വിവാദം സഞ്ജുവിന്റെ ആരാധകരില്‍ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. ഏകദിന ഫോര്‍മാറ്റിലുള്ള ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജുവിനെ പരിഗണിക്കേണ്ടതില്ലെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചു. നിലവില്‍ സഞ്ജുവിന്റെ വിട്ടുനില്‍ക്കല്‍ ബിസിസിഐയുടെ അന്വേഷണ പരിധിയിലാണ്.
ഇപ്പോള്‍, ഈ വിവാദത്തില്‍ നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാണെന്ന് സഞ്ജു കെസിഎയ്ക്ക് അയച്ച സന്ദേശത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ക്യാമ്പില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും ക്യാമ്പില്‍ എത്തിയില്ലെങ്കില്‍ ടീമില്‍ ഇടമുണ്ടാകില്ലെന്ന് തന്നെ അറിയിച്ചിരുന്നില്ലെന്നും സഞ്ജു സന്ദേശത്തില്‍ പറയുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാണെന്നും കേരളത്തിനുവേണ്ടി കളിക്കുന്നത് അഭിമാനകരമാണെന്നും സഞ്ജു കെസിഎയ്ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.
ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് സഞ്ജു ആദ്യം കെസിഎയ്ക്ക് മെയില്‍ അയച്ചു. പിന്നീട് ടീം പ്രഖ്യാപിച്ചതിന് ശേഷം കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് രണ്ടാമത്തെ മെയിലും അയച്ചു. അതിനുശേഷമാണ് ക്യാമ്പില്‍ എത്താതിരുന്നതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് മൂന്നാമത്തെ മെയില്‍ അയച്ചത്. ഈ മൂന്ന് മെയിലുകളുടെയും വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നേരത്തെ, 'ഞാന്‍ ഉണ്ടാകില്ല' എന്ന ഒറ്റവരി മെയില്‍ മാത്രമാണ് സഞ്ജു കെസിഎ സെക്രട്ടറിക്ക് അയച്ചതെന്നായിരുന്നു കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജിന്റെ വാദം. ഈ വാദം തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.