ബദ്ധവൈരികള്‍ക്കെതിരായ പോരാട്ടം, ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ആത്മവിശ്വാസത്തില്‍
ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ്സിക്കെതിരായ നിര്‍ണായക പോരാട്ടത്തിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ബദ്ധവൈരികളെ നേരിടുന്നതിന് മുന്നോടിയായി കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളന്തതില്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മൈക്കല്‍ സ്റ്റാഹ്റെ മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുഹമ്മദന്‍ സ്പോര്‍ട്ടിംഗിനെതിരായ വിജയത്തിന്റെ ആവേശത്തിലാണ് ടീമെന്നും ബംഗളൂരുവിനെതിരായ മത്സരം ക്ലബ്ബിന് ഏറെ പ്രധാനപ്പെട്ടതാണെന്നും പരിശീലകന്‍ പറഞ്ഞു.
ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബംഗളൂരുവിനെ നേരിടുന്നതിന്റെ വെല്ലുവിളി പരിശീലകന്‍ അംഗീകരിച്ചു. എന്നാല്‍, ടീമിലെ മികച്ച അന്തരീക്ഷവും കളിക്കാരുടെ ഫിറ്റ്‌നസും അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നു. ഈ മത്സരത്തില്‍ വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് അടുക്കാന്‍ കഴിയുമെന്നും സ്റ്റഹ്‌റെ വിലയിരുത്തുന്നു.
ബംഗളൂരുവിന്റെ കരുത്ത് പരിശീലകന്‍ അംഗീകരിച്ചെങ്കിലും, അതിലുപരി സ്വന്തം ടീമിന്റെ തന്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കോച്ച് വ്യക്തമാക്കി. തീവ്രതയോടെയും വേഗതയോടെയും കളിക്കുക, ഒപ്പം വിനയം പാലിക്കുക എന്നിവയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
മത്സരത്തിനായുള്ള ചില പ്രത്യേക തന്ത്രങ്ങള്‍ പരിശീലകന്‍ മനസ്സില്‍ കണ്ടിട്ടുണ്ടെങ്കിലും, അവ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ബ്ലാസ്‌റ്റേഴ്‌സ് ടീമിലെ പ്രധാന കളിക്കാരനായ ലൂണയും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. വളരെക്കാലത്തിനുശേഷം 90 മിനിറ്റ് കളിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ലൂണ പ്രകടിപ്പിച്ചു. ബംഗളൂരുവിനെതിരായ മത്സരം ടീമിന് വ്യത്യസ്തമായ ഒരു വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗളൂരുവിനെതിരായ മത്സരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ടാണ് പരിശീലകന്‍ വാര്‍ത്ത സമ്മേളനം അവസാനിപ്പിച്ചത്. രണ്ട് ടീമുകള്‍ക്കുമിടയിലുള്ള മുന്‍ കാല ഏറ്റുമുട്ടല്‍ ചരിത്രങ്ങള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിജയം ടീമിനെ പോയിന്റ് പട്ടികയില്‍ മുന്നിലെത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.