കൂറ്റന്‍ ജയ പ്രതീക്ഷയില്‍ കേരളം, മഴയുടെ കാരുണ്യം കാത്ത് ഉത്തര്‍പ്രദേശ്
രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് വിജയപ്രതീക്ഷയ്ക്ക് മേല്‍ മഴയുടെ ആശങ്ക. തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ എട്ട് വിക്കറ്റ് അകലെയാണ് കേരളത്തിന്റെ ഇന്നിംഗ്‌സ് ജയം കാത്തിരിക്കുന്നത്.
ഒന്നാം ഇന്നിംഗ്സില്‍ 233 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് കേരളം നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ യുപി 66 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ഈ സമയത്താണ് മഴ കളി മുടക്കിയത്.
ആദ്യ ഇന്നിംഗ്‌സില്‍ 395 റണ്‍സ് നേടിയ കേരളത്തിനായി സല്‍മാന്‍ നിസാര്‍ (93), സച്ചിന്‍ ബേബി (83) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഏഴിന് 340 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. ഇന്ന് 55 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകളും കേരളത്തിന് നഷ്ടമാായി. വ്യക്തിഗത സ്‌കോറിനോട് 19 റണ്‍സ് കൂട്ടിചേര്‍ത്ത് സല്‍മാന്‍ ആദ്യം മടങ്ങി. ആക്വിബിന്റെ പന്തില്‍ സിദ്ധാര്‍ത്ഥ് യാദവിന് ക്യാച്ച്. തുടര്‍ന്നെത്തിയ ബേസില്‍ തമ്പി (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. എന്നാല്‍ അസറുദ്ദീന്‍ (40) ഒരറ്റത്ത് ആക്രമണം തുടര്‍ന്നപ്പോള്‍ ലീഡ് 250ന അടുത്തെത്തി. ആക്വിബ് വിക്കറ്റെടുത്തതോടെ കേരളത്തിന്റെ പോരാട്ടം 395ല്‍ അവസാനിച്ചു.
യുപിക്കായി ആക്വിബ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആക്വിബിന് പുറമെ ശിവം മാവി, സൗരഭ് കുമാര്‍, ശിവം ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ ജലജ് സക്സേന അഞ്ച് വിക്കറ്റ് നേടി യുപിയെ തകര്‍ത്തിരുന്നു.
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മാധവ് കൗശിക് (27), നിതീഷ് റാണ (5) എന്നിവരാണ് ക്രീസില്‍. ജലജ് സക്‌സേന, കെ എം ആസിഫ് എന്നിവര്‍ വിക്കറ്റ് പങ്കിട്ടു.
മത്സരത്തിന്റെ ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഉത്തര്‍പ്രദേശ് 162 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 30 റണ്‍സെടുത്ത ശിവം ശര്‍മയായിരുന്നു ടോപ് സ്‌കോറര്‍. ജലജ് സക്സേന അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
കേരളത്തിനായി രോഹന്‍ കുന്നുമ്മല്‍ (28), വത്സല്‍ ഗോവിന്ദ് (22), ബാബ അപരാജിത് (32), ആദിത്യ സര്‍വാതെ (14), അക്ഷയ് ചന്ദ്രന്‍ (24), ജലജ് സക്സേന (35) എന്നിവരും വിലപ്പെട്ട റണ്‍സ് നേടി.
ബംഗാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. എം ഡി നിധീഷിന് പകരം പേസര്‍ കെ എം ആസിഫ് പ്ലേയിംഗ് ഇലവനിലെത്തി.