ഗോവയേയും തകര്‍ത്ത് സഞ്ജുവും പിള്ളേരും, കേരളം കുതിയ്ക്കുന്നു
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവയേയും തോല്‍പിച്ച് കേരളത്തിന്റെ കുതിപ്പ്. മഴ വില്ലനായ മത്സരത്തില്‍ വിജെഡി മെത്തേഡ് പ്രകാരം 11 റണ്‍സിനാണ് കേരളം ഗോവയെ തകര്‍ത്തത്. മഴമൂലം 13 ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗോവ 7.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് എന്ന നിലയിലുളള സമയത്താണ് മഴയെത്തിയത്. ഇതോടെയാണ് കേരളത്തെ വിജയിയായി പ്രഖ്യാപിച്ചത്.
ഗോവയ്ക്കായി ഇഷാന്‍ ഗഡേഡ്ക്കര്‍ 22 പന്തില്‍ നാല് ഫോറും മൂന്ന സിക്‌സും സഹിതം പുറത്താകാതെ 45 റണ്‍സെടുത്ത് പൊരുതി. മത്സരം അവസാനിക്കുമ്പോള്‍ പ്രഭുദേശായ് 10 പന്തില്‍ ഒന്‍പത് റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. കേരളത്തിനായി ബേസില്‍ തമ്പിയും ജലജ് സക്‌സേനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ .മഴയെത്തുടര്‍ന്ന് 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ (31), സല്‍മാന്‍ നിസാര്‍ (34), അബ്ദുള്‍ ബാസിത് (23) എന്നിവരുടെ മികച്ച പ്രകടനമാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്.
ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. സഞ്ജുവും രോഹന്‍ കുന്നുമ്മലും (19) ചേര്‍ന്ന് കേരളത്തിന് ആക്രമണാത്മകമായ തുടക്കം നല്‍കി. 15 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ 4 ഫോറും 2 സിക്‌സറുകളും ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ മത്സരത്തിലെ ഹീറോ സല്‍മാന്‍ നിസാര്‍ ഇത്തവണയും മികച്ച പ്രകടനം കാഴ്ചവച്ചു. 20 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത സല്‍മാന്റെ ഇന്നിംഗ്‌സില്‍ 3 ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ടിരുന്നു. അവസാന ഓവറുകളില്‍ അബ്ദുള്‍ ബാസിത് 13 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത് കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തി.
ജയിച്ചെങ്കിലും കേരളം പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 16 പോയന്റാണ് കേരളത്തിനുളളത്. മഹാരാഷ്ട്രയോട് മാത്രമാണ് കേരളം തോറ്റത്. ആന്ദ്രയാണ് ഒന്നാം സ്ഥാനത്ത്. മുംബൈ 12 പോയന്റുമായി മൂന്നാം സ്ഥാനത്താണ്.