ഞാനങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു, നോഹയോട് മാപ്പ് പറഞ്ഞ് ലൂണ
ചെന്നൈയില്‍ എഫിസിയ്‌ക്കെതിരായ മത്സരത്തില്‍ സഹ സ്‌ട്രൈക്കര്‍ നോഹ സദോയോട് ഗ്രൗണ്ടില്‍ വെച്ച് നിയന്ത്രണം വിട്ട് പെരുമാറിയതില്‍ ക്ഷമ ചോദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ. മത്സരശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ലൂണ തന്റെ ഖേദം പ്രകടിപ്പിച്ചത്.
ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ താന്‍ അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും, നോഹയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും ലൂണ കൂട്ടിച്ചേര്‍ത്തു.
ബോക്‌സില്‍ മറ്റൊരു കളിക്കാരന്‍ ഫ്രീയായി നില്‍ക്കുകയായിരുന്നു. എന്നിട്ടും നോഹ പന്ത് പാസ് ചെയ്യാതിരുന്നതിലാണ് ലൂണയുടെ പ്രതികരണം ശക്തമായത്. എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ ഭാഗത്തുനിന്നുമുണ്ടായത് ശരിയായ സമീപനമായിരുന്നില്ലെന്ന് ലൂണ സമ്മതിച്ചു. ഡ്രസ്സിംഗ് റൂമില്‍ വെച്ച് നോഹയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും ലൂണ പറഞ്ഞു.
ചെന്നൈയിന്‍ എഫ്സിക്കെതിരായ ഐഎസ്എല്‍ മത്സരത്തില്‍ 1-3 എന്ന സ്‌കോറിന് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. വിജയത്തിന്റെ സന്തോഷത്തിനിടയിലും, ലൂണയുടെയും നോഹയുടെയും പെരുമാറ്റം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലാഴ്ത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു സംഭവം.
മത്സരത്തില്‍ 80-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ നോഹ, അവസാന നിമിഷം ഒരു നിര്‍ണായക അവസരം നഷ്ടപ്പെടുത്തിയിരുന്നു. പെനാല്‍റ്റി ബോക്‌സില്‍ ഇഷാന്‍ പണ്ഡിതയും ലൂണയും ഉണ്ടായിട്ടും നോഹ സ്വന്തമായി ഷോട്ട് എടുക്കാന്‍ ശ്രമിച്ചത് ലൂണയെ പ്രകോപിപ്പിച്ചു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളിയുടെ വക്കിലെത്തുകയും ചെയ്തു. പിന്നീട് ഇഷാന്‍ പണ്ഡിതയാണ് രംഗം ശാന്തമാക്കിയത്.
മത്സരം ബ്ലാസ്റ്റേഴ്‌സ് വിജയിച്ചെങ്കിലും, കളിക്കാര്‍ തമ്മിലുള്ള ഈഗോ പ്രശ്‌നം ആരാധകരെ ആശങ്കയിലാഴ്ത്തി. ടീമിന്റെ ഐക്യത്തെ ബാധിക്കുന്ന കാര്യങ്ങളാണ് ഗ്രൗണ്ടില്‍ നടന്നതെന്നാണ് ആരാധകര്‍ പറയുന്നത്.