പുതിയ പടത്തലവനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്, സ്പാനിഷ് കോച്ചിനെ റാഞ്ചി മഞ്ഞപ്പട
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയില്‍ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. സ്പാനിഷ് തന്ത്രജ്ഞന്‍ ഡേവിഡ് കാറ്റലയാണ് പുതിയ കോച്ച് യൂറോപ്യന്‍ ഫുട്ബോളിലെ ആധുനിക ശൈലിയും അനുഭവ സമ്പത്തുമായാണ് കാറ്റല ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. 2026 വരെ ഒരു വര്‍ഷത്തേക്കാണ് കരാര്‍.
മുന്‍ സെന്‍ട്രല്‍ ഡിഫന്‍ഡറായ കാറ്റല സ്പെയിനിലും സൈപ്രസിലുമായി 500-ല്‍ അധികം മത്സരങ്ങള്‍ കളിച്ച ശേഷമാണ് പരിശീലക രംഗത്തേക്ക് കടന്നുവരുന്നത്. സൈപ്രിയറ്റ് ഫസ്റ്റ് ഡിവിഷനിലെ എ.ഇ.കെ ലാര്‍ണാക, അപ്പോളോണ്‍ ലിമാസോള്‍, ക്രൊയേഷ്യന്‍ ഫസ്റ്റ് ഫുട്ബോള്‍ ലീഗിലെ എന്‍.കെ ഇസ്ട്ര 1961, പ്രൈമറ ഫെഡറേഷനിലെ സി.ഇ സബാഡെല്‍ തുടങ്ങിയ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് നയിക്കുക എന്നതാണ് കാറ്റലയുടെ പ്രധാന ലക്ഷ്യം.
'കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയില്‍ ചേരുന്നത് വലിയ ബഹുമതിയാണ്. ഫുട്ബോളിനെ ജീവശ്വാസമായി കാണുന്ന ഒരു നഗരവും, ഓരോ മത്സരത്തെയും ഉത്സവമാക്കുന്ന ആരാധകരുമുള്ള ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്. വിജയമല്ലാതെ മറ്റൊന്നും ഈ ക്ലബ്ബ് അര്‍ഹിക്കുന്നില്ല. അതിനായി നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം. കലൂരിന്റെ ഊര്‍ജ്ജവും ഈ ക്ലബ്ബിന്റെ നിലയും മികച്ച പ്രകടനം ആവശ്യപ്പെടുന്നു. അതിനായി കാത്തിരിക്കുന്നു.' കാറ്റല പറഞ്ഞു.
കാറ്റലയുടെ വരവില്‍ ക്ലബ്ബ് സി.ഇ.ഒ അഭിക് ചാറ്റര്‍ജി പ്രതീക്ഷ പങ്കുവെച്ചു. 'കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കാന്‍ ദൃഢനിശ്ചയവും ശാന്തതയും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവും വേണം. കാറ്റലയില്‍ ആ ഗുണങ്ങള്‍ ഞങ്ങള്‍ കാണുന്നു. അദ്ദേഹത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കി ക്ലബ്ബിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും.'
സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസും കാറ്റലയുടെ വരവില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'കാറ്റലയുടെ കഠിനാധ്വാനവും ബ്ലാസ്റ്റേഴ്സിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ആഗ്രഹവും എന്നെ ആകര്‍ഷിച്ചു. ടീമിനെ ഒരുമിച്ച് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്. ഈ നിമിഷത്തില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടത് അദ്ദേഹത്തിന്റെ ശാന്തതയും കഴിവുമാണ്. ഈ പുതിയ വെല്ലുവിളിയില്‍ കാറ്റലക്ക് എല്ലാ ആശംസകളും നേരുന്നു.'
സൂപ്പര്‍ കപ്പിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി കാറ്റല ഉടന്‍ കൊച്ചിയിലെത്തും. ശക്തമായ നേതൃത്വവും പുതിയ തന്ത്രങ്ങളുമായി ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിക്കാനാണ് കാറ്റലയുടെ വരവ്.