അര്‍ജന്റീനന്‍ ഗോളടി വീരന്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക്, കൊമ്പന്മാരുടെ സര്‍പ്രൈസ് നീക്കം
ഡ്യൂറന്‍ഡ് കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പുറത്താകലിന്റെ നിരാശ മറന്ന് ഐഎസ്എല്‍ കിരീടം സ്വന്തമാക്കാന്‍ കഠിന പരിശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസണിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ടീമിന്റെ മുന്നേറ്റ നിര ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്.
വിദേശ മുന്നേറ്റ താരത്തിന്റെ ഒഴിവ് നികത്താന്‍ കഴിഞ്ഞ സീസണില്‍ ബൊളീവിയന്‍ ലീഗില്‍ തിളങ്ങിയ അര്‍ജന്റീന താരം ഫിലിപ് പസദോറെയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് മഞ്ഞപ്പട. 90nd Stoppage റിപ്പോര്‍ട്ട് പ്രകാരം, താരവുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നെങ്കിലും കരാറില്‍ ഇതുവരെ ധാരണയായിട്ടില്ല.
കഴിഞ്ഞ സീസണില്‍ 18 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളും 4 അസിസ്റ്റുകളുമായി ഫിലിപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നിലവില്‍ ഫ്രീ ഏജന്റായ താരത്തിന്റെ മാര്‍ക്കറ്റ് വാല്യു 4 കോടി രൂപയാണ്.
ഡ്യൂറന്‍ഡ് കപ്പില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 16 ഗോളുകള്‍ നേടിയെങ്കിലും ക്വാര്‍ട്ടറില്‍ ബംഗളൂരു എഫ്സിയോട് തോറ്റ് പുറത്താകേണ്ടി വന്നു. എന്നാല്‍, പുതിയ സീസണില്‍ ഈ പ്രകടനം ആവര്‍ത്തിക്കാനും ആദ്യ കിരീടം സ്വന്തമാക്കാനുമാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.
സെപ്റ്റംബര്‍ 15ന് തിരുവോണ ദിനത്തില്‍ പഞ്ചാബ് എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയത്തോടെ തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കഴിഞ്ഞ മൂന്ന് സീസണുകളില്‍ ടീമിനെ പരിശീലിപ്പിച്ച ഇവാന്‍ വുകോമനോവിച്ചിന് പകരം സ്വീഡിഷ് പരിശീലകന്‍ മൈക്കിള്‍ സ്റ്റാറെയാണ് ഇത്തവണ മഞ്ഞപ്പടയെ നയിക്കുന്നത്. പുതിയ പരിശീലകനും താരങ്ങളും ഒത്തൊരുമിച്ച് കളിക്കുന്ന ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് കിരീടം നേടാനാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോള്‍ പ്രേമികള്‍.