ബ്ലാസ്റ്റേഴ്‌സും 'സംഘിയായി', മഞ്ഞകൊമ്പന് പാകരം കാവി, ആരാധകര്‍ കലിപ്പിലാണ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ ലോഗോ അനാച്ഛാദനം ചെയ്തു. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വിമര്‍ശനത്തിന് കാരണമായി. പരമ്പരാഗതമായ മഞ്ഞയും നീലയും നിറത്തിലുള്ള കൊമ്പനാനയ്ക്ക് പകരം ഓറഞ്ച് പശ്ചാത്തലത്തില്‍ വെള്ള നിറത്തിലുള്ള ആനയാണ് പുതിയ ലോഗോയില്‍ ഉള്ളത്.
ഈ മാറ്റം ക്ലബ്ബിന്റെ ഐഡന്റിറ്റിയെ ബാധിക്കുമെന്നും പുതിയ ലോഗോ അത്ര ആകര്‍ഷകമല്ലെന്നുമാണ് ആരാധകരുടെ പ്രധാന വിമര്‍ശനം.
'ഒരു ക്ലബ്ബിന്റെ ഐഡന്റിറ്റി എന്ന് പറയുന്നത് അതിന്റെ പേരും ലോഗോയും തീം കളറുമാണ്. മഞ്ഞയും നീലയുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തീം കളര്‍. അതാണ് അതിന്റെ ഐഡന്റിറ്റി. നിലവില്‍ വളരെ മികച്ചതും ആകര്‍ഷകവുമായ ലോഗോയാണ് ടീമിന്റേത്. നീല പ്രതലത്തില്‍ മഞ്ഞ കൊമ്പന്‍ വരുന്ന ആ ലോഗോ മാറ്റി, ഒട്ടും മനോഹരമോ ആകര്‍ഷകമോ അല്ലാത്ത മറ്റൊരു ലോഗോ ഉണ്ടാക്കി നിലവാരം കളയല്ലേ', എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഓറഞ്ച് നിറത്തിലുള്ള ലോഗോ ആയതുകൊണ്ട് ബ്ലാസ്റ്റേഴ്സ് സംഘി ആയോ എന്നും ചിലര്‍ കമന്റ്സിലൂടെ ചോദിക്കുന്നുണ്ട്.
എന്നാല്‍, ഈ മാറ്റത്തിന് പിന്നില്‍ ഒരു കാരണമുണ്ട്. ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടക്കുന്ന എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ എവേ ജേഴ്സി അണിയുന്നു, അത് വെള്ളയും ഓറഞ്ചും നിറങ്ങളിലാണ്. ഈ ജേഴ്സിയുമായി പൊരുത്തപ്പെടുന്നതിനാണ് ലോഗോയുടെ നിറവും താല്‍ക്കാലികമായി മാറ്റിയതെന്നാണ് സൂചന.
ഈസ്റ്റ് ബംഗാളിനെതിരെ നേടിയ ആവേശ വിജയത്തിന്റെ ആവേശം നിലനിര്‍ത്തി നോര്‍ത്ത് ഈസ്റ്റിനെതിരെ ഇന്ന് ഗുവാഹത്തിയില്‍ ബ്ലാസ്റ്റേഴ്സ് ഇറങ്ങും. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ടീം.