For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

അര്‍ഹിച്ച പെനാള്‍ട്ടി നിഷേധിക്കപ്പെട്ടു, ബ്ലാസ്റ്റേഴ്‌സ് വീണ്ടും സമനിലയില്‍ കുരുങ്ങി

10:56 PM Oct 03, 2024 IST | admin
UpdateAt: 10:56 PM Oct 03, 2024 IST
അര്‍ഹിച്ച പെനാള്‍ട്ടി നിഷേധിക്കപ്പെട്ടു  ബ്ലാസ്റ്റേഴ്‌സ് വീണ്ടും സമനിലയില്‍ കുരുങ്ങി

എവേ ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കരുത്തരായ ഒഡിഷ എഫ്സിയെ 2--2ന് തളച്ചു. രണ്ട് ഗോള്‍ ലീഡ് നേടിയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. നോഹ സദൂയ്, ഹെസ്യൂസ് ഹിമിനെസ് എന്നിവര്‍ തകര്‍പ്പന്‍ ഗോളുകളിലൂടെ ലീഡ് നല്‍കി. എന്നാല്‍ ദ്യേഗോ മൗറീസിയോ ഒഡിഷയ്ക്കായി തിരിച്ചടിച്ചു. ആദ്യത്തേത് അലെക്സാന്‍ഡ്രെ കൊയെഫിന്റെ ദാനഗോളായിരുന്നു. പോയിന്റ് പട്ടികയില്‍ അഞ്ച് പോയിന്റുമായി നാലാമതാണ് ബ്ലാസ്റ്റേഴ്സ്.

മാറ്റങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഗോള്‍ വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ്. പ്രതിരോധത്തില്‍ സന്ദീപ് സിങ്, മിലോസ് ഡ്രിന്‍സിച്ച്, പ്രീതം കോട്ടല്‍, നവോച്ച സിങ്. മധ്യനിരയില്‍ വിബിന്‍ മോഹനന്‍, അലെക്സാന്‍ഡ്രെ കൊയെഫ്, ഡാനിഷ് ഫാറൂഖ്.മുന്നേറ്റത്തില്‍ കെ പി രാഹുല്‍, നോഹ സദൂയ്, ഹെസ്യൂസ് ഹിമിനെസ്.
ഒഡീഷയുടെ ഗോള്‍ കീപ്പറായി അമരീന്ദര്‍ സിങ് എത്തി. അമയ് രണദാവെ, ജെറി ലാല്‍റിന്‍സുവാല, തോയ്ബ സിങ്, മൗറ്റാര്‍ഡ ഫാള്‍ എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ ഹ്യൂഗോ ബുമുസ്, ജെറി, പുയ്ട്ടിയ, ഐസക് റാല്‍ട്ടെ, അഹമ്മദ് ജഹു. മുന്നേറ്റത്തില്‍ ദ്യേഗോ മൗറീസിയോയും.

Advertisement

തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തിലായിരുന്നു കളി. സദൂയ്, രാഹുല്‍, ഹിമിനെസ് സഖ്യം നിരന്തരം ആക്രമണം നടത്തി. കളിയുടെ പതിനെട്ടാം മിനിറ്റില്‍ നോഹ സൂദയിയുടെ തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. ഒന്നാന്തരം പ്രത്യാക്രമണത്തിലൂടെയായിരുന്നു ഗോള്‍ വന്നത്. വലതുഭാഗത്ത്, മധ്യവരയുടെ തൊട്ടുപിന്നില്‍നിന്ന് രാഹുല്‍ തൊടുത്ത ക്രോസ്‌കോട്ടല്‍ ഓട്ടത്തിനിടെ തട്ടിയിട്ടു. ബോക്സിന്റെ മധ്യഭാഗത്തേക്ക് കുതിക്കുകയായിരുന്ന ഹിമിനെസിന് പന്തുകട്ടി. ഓട്ടത്തിനിടയില്‍ ഇടതുപാര്‍ശ്വത്തില്‍ കുതിക്കുകയായിരുന്നു സദൂയിയെ കണ്ടു. തകര്‍പ്പന്‍ ഷോട്ടിലൂടെ സദൂയ് വലതുളച്ചു. മൊറോക്കോ താരത്തിന്റെ സീസണിലെ മൂന്നാംഗോള്‍. മൂന്ന് മിനിറ്റ് തികയുംമുമ്പ് മറ്റൊരു മിന്നല്‍ക്കുതിപ്പ്. ലോങ് ബോള്‍ പിടിച്ചെടുത്ത് നോഹ ബോക്സിന്റെ വലതുഭാഗത്തുണ്ടായിരുന്ന ഹിമിനെസിലേക്ക് ക്രോസ് കൊടുത്തു. പ്രതിരോധത്തില്‍ നാല് താരങ്ങള്‍ നില്‍ക്കെ ഈ സ്പാനിഷുകാരന്‍ ഇടംകാല്‍ കൊണ്ട് നിയന്ത്രിച്ച് വലതുകാല് കൊണ്ട് അടിപായിച്ചു. അമരീന്ദറിന്റെ ചാട്ടത്തിനും തടയാനായില്ല.

തൊട്ടടുത്ത നിമിഷം ഹിമിനെസിന്റെ മറ്റൊരു മനോഹര മുന്നേറ്റം കണ്ടു. ബോക്സിന് പുറത്തുവച്ച് പന്ത് നിയന്ത്രിച്ച് അടിതൊടുക്കാന്‍ ശ്രമിച്ചങ്കിലും ഒഡീഷ പ്രതിരോധം തടഞ്ഞു.
അരമണിക്കൂര്‍ തികയുംമുമ്പ് ബ്ലാസ്റ്റേഴ്സ് ദൗര്‍ഭാഗ്യകരമായി ഗോള്‍ വഴങ്ങി. ഒഡിഷയുടെ ഗോള്‍ ശ്രമം സച്ചിന്‍ സുരേഷ് തട്ടിയകറ്റിയെങ്കിലും കൊയഫിന്റെ കാലില്‍ തട്ടി പന്ത് വലയിലേക്ക് കയറി. ഇതിനിടെ ഒഡിഷ രണ്ടാംഗോളിലൂടെ ഒപ്പമെത്തുകയും ചെയ്തു. മൗറീസിയോയും ജെറിയും ചേര്‍ന്നുള്ള മുന്നേറ്റമാണ് അപകടംവിതച്ചത്. ജെറിയുടെ വലതു ഭാഗത്തുനിന്നുള്ള പാസ് സ്വീകരിച്ച മൗറീസിയോ ക്ലോസ് റേഞ്ചില്‍വച്ച് കരുത്തുറ്റ അടി തൊടുത്തു. ബ്ലാസ്റ്റേഴ്സ് ലീഡ് നേടാന്‍ ആഞ്ഞുശ്രമിച്ചു. സദൂയ്, കോട്ടല്‍, വിബിന്‍ എന്നിവരുടെ ശ്രമങ്ങളെ പ്രതിരോധം തടഞ്ഞു.

Advertisement

ഇടവേളയ്ക്കുശേഷം രണ്ട് തവണ ഹിമിനെസ് ഗോളിന് അരികെയെത്തി. രാഹുലിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റത്തെ അമരീന്ദര്‍ തടഞ്ഞു. 67--ാം മിനിറ്റില്‍ നോഹയുടെ ഫ്രീകിക്കില്‍ ഡ്രിന്‍സിച്ച് തലവച്ചെങ്കിലും പന്ത് വലയില്‍ കടന്നില്ല. 69--ാം മിനിറ്റില്‍ ഡാനിഷിന് പകരം മുഹമ്മന്‍ ഐമന്‍ കളത്തിലെത്തി. കൊയഫിന് പകരം അഡ്രിയാന്‍ ലൂണയും രാഹുലിന് പകരം മുഹമ്മദ് അസ്ഹറുമെത്തി. 78--ാം മിനിറ്റില്‍ നോഹയുടെ തകര്‍പ്പന്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പറന്നു. മറുവശത്ത് ഒഡിഷയുടെ ആക്രമണങ്ങളെ കോട്ടലും ഡ്രിന്‍സിച്ചും നവോച്ചയും ചേര്‍ന്ന് കൃത്യമായി തടഞ്ഞു.

85--ാം മിനിറ്റില്‍ സന്ദീപിന് പകരം ഹോര്‍മിപാമും ഹിമിനെസിന് പകരം ക്വാമി പെപ്രയും കളത്തില്‍വന്നു. 90--ാം മിനിറ്റില്‍ നോഹയെ ഒഡിഷ പ്രതിരോധം ബോക്സില്‍ വീഴ്ത്തിയെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല. അവസാന നിമിഷങ്ങളില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്തെങ്കിലും വിജയഗോള്‍ വന്നില്ല. ഒക്ടോബര്‍ 20ന് മുഹമ്മദന്‍സുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്തകളി.

Advertisement

Advertisement