Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

തോല്‍വികള്‍ തുടര്‍ക്കഥ, ബ്ലാസ്റ്റേഴ്‌സ് ഞങ്ങളെങ്ങനെ നിങ്ങളുടെ കൂടെ നില്‍ക്കും

10:37 PM Nov 07, 2024 IST | Fahad Abdul Khader
UpdateAt: 10:37 PM Nov 07, 2024 IST
Advertisement

കൊച്ചി: ഐഎസ്എലില്‍ ഹൈദരാബാദ് എഫ്സിക്കെതിരെ ലീഡ് നേടിയ ശേഷം കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി (1--2). ഹെസ്യൂസ് ഹിമിനെസിന്റെ തകര്‍പ്പന്‍ ഗോളില്‍ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ് തുടര്‍ന്ന് മികച്ച കളി പുറത്തെടുത്തെങ്കിലും ഗോളെണ്ണം കൂട്ടാനായില്ല. ഇതിനിടെ ആന്ദ്രേ അല്‍ബ ഇരട്ടഗോളുമായി ഹൈദരാബാദിന് ജയം നല്‍കി. എട്ട് കളിയില്‍ എട്ട് പോയിന്റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്സ്.

Advertisement

ഹൈദരാബാദിനെതിരെ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പ്രതിരോധത്തില്‍ പ്രീതം കോട്ടല്‍ പുറത്തിരുന്നു. പകരം മിലോസ് ഡ്രിന്‍സിച്ച് എത്തി. മധ്യനിരയില്‍ ഡാനിഷ് ഫാറൂഖുമുണ്ടായില്ല. മുഹമ്മദ് അയ്മനാണ് പകരമായെത്തിയത്. മുംബൈക്കെതിരെ ചുവപ്പകാര്‍ഡ് കണ്ട് പുറത്തായ ക്വാമി പെപ്രയ്ക്ക് പകരം കോറു സിങ്ങുമെത്തി. ഗോള്‍മുഖത്ത് സോംകുമാര്‍. പ്രതിരോധത്തില്‍ നവോച്ച സിങ്, റുയ്വാ ഹോര്‍മിപാം, സന്ദീപ് സിങ്. മധ്യനിരയില്‍ വിബിന്‍ മോഹനന്‍, അഡ്രിയാന്‍ ലൂണ, അലെക്സാന്‍ഡ്രെ കൊയെഫ്. മുന്നേറ്റത്തില്‍ ഹെസ്യൂസ് ഹിമിനെസ് എന്നിവര്‍ തുടര്‍ന്നു. ഹൈദരാബാദിന്റെ ഗോള്‍ കീപ്പര്‍ ബിയാക്ക ജോങ്തി. പ്രതിരോധത്തില്‍ മുഹമ്മദ് റാഫി, അലെക്സ് സജി, പരാഗ് ശ്രിവാസ്, സ്റ്റീഫന്‍ സാപിച്ച്. മധ്യനിരയില്‍ ആന്‍ഡ്രെ ആല്‍ബ, പി എ അഭിജിത്, ഐസക്. മുന്നേറ്റത്തില്‍ അബ്ദുള്‍ റബീഹ്, അലന്‍ മിറാന്‍ഡ, ചുംഗ ഹമര്‍.

കളിയുടെ തുടക്കത്തില്‍തന്നെ സന്ദീപ് സിങ്ങിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. പന്ത്രണ്ടാം മിനിറ്റില്‍ ഹെസ്യൂസിന്റെ മിന്നുന്ന ഗോളില്‍ ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നു. വലതുവശത്ത് കോറു നടത്തിയ ഒന്നാന്തരം നീക്കമായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ഹൈദരാബാദ് പ്രതിരോധത്തെ ചിതറിച്ച് മുന്നേറിയ കോറു ബോക്സിലേക്ക് അടിതൊടുത്തു. ഹിമിനെസ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഒന്നാന്തരം ഷോട്ട് പായിച്ചു. സ്പാനിഷുകാരന്റെ സീസണിലെ ആറാം ഗോള്‍. ഇതിനിടെ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. മികച്ച രീതിയില്‍ കളിക്കുകയായിരുന്ന അയ്മന് പരിക്കേറ്റു. മുപ്പത്തിമൂന്നാം മിനിറ്റില്‍ അയ്മന് പകരം ഫ്രെഡിയെത്തി.

Advertisement

തുടര്‍ന്നും മികച്ച ആക്രമണ നീക്കങ്ങള്‍ നടത്തി. ഹിമിനെസും ലൂണയും ഹൈദരാബാദ് ഗോള്‍മുഖത്ത് ഇരമ്പിയെത്തി. ഹൈദരാബാദ് പ്രതിരോധം പിടിച്ചുനിന്നു. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ആല്‍ബയുടെ ഗോളില്‍ ഹൈദരാബാദ് സമനില പിടിച്ചു. ശ്രിവാസാണ് അവസരമൊരുക്കിയത്.
ഇടവേളയ്ക്കുശേഷം ആവേശമുയര്‍ത്തി നോഹ സദൂയ് എത്തി. കൊയെഫിന് പകരമായാണ് സദൂയ് കളത്തിലിറങ്ങിയത്. കോറു സിങ്ങിന് പകരം രാഹുല്‍ കെപിയും വന്നു. കളത്തിലിറങ്ങി.

നിമിഷങ്ങള്‍ക്കുള്ളില്‍ രാഹുലിന് ഒന്നാന്തരം അവസരം കിട്ടി. സദൂയ് ഗോള്‍മുഖത്തേക്ക് തൊടുത്ത തകര്‍പ്പന്‍ ക്രോസില്‍ രാഹുല്‍ തലവച്ചെങ്കിലും പുറത്തുപോയി. 70--ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പെനല്‍റ്റി വഴങ്ങി. ഹോര്‍മിപാമിന്റെ ഹാന്‍ഡ് ബോളിനായിരുന്നു പെനല്‍റ്റി. ആല്‍ബ ഇരട്ടഗോളുമായി ഹൈദരാബാദിന് ലീഡും നല്‍കി. പിന്നാലെ ഹോര്‍മിപാമിന് പകരം പ്രീതം കോട്ടലും സന്ദീപ് സിങ്ങിന് പകരം മുഹമ്മദ് സഹീഫുമെത്തി.
അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ആഞ്ഞുപൊരുതി. നോഹയുടെ ക്രോസുകള്‍ ഗോള്‍മുഖത്തേക്ക് പറന്നെങ്കിലും ലക്ഷ്യത്തിലേക്ക് മാത്രമെത്തിയില്ല. രാഹുലിന്റെയും നോഹയുടെയും ശ്രമങ്ങള്‍ ഹൈദരാബാദ് ഗോള്‍ കീപ്പര്‍ തടഞ്ഞു. 24ന് ചെന്നൈയിന്‍ എഫ്സിയുമായാണ് അടുത്ത കളി. കൊച്ചിയാണ് വേദി.

Advertisement
Next Article