ആരാധകരുടെ കലാപം ഫലം കണ്ടു, അഞ്ച് താരങ്ങളെ റാഞ്ചി ബ്ലാസ്റ്റേഴ്‌സിന്റെ സര്‍പ്രൈസ് നീക്കം
ഐഎസ്എല്ലിന്റെ പതിനൊന്നാം പതിപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് യുവനിരയെ ശക്തിപ്പെടുത്തുന്നു. വിവിധ ക്ലബുകളില്‍ നിന്നായി അഞ്ച് യുവതാരങ്ങളെ ലോണ്‍ അടിസ്ഥാനത്തില്‍ ടീമിലെത്തിച്ചതായി ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു.
ഗോകുലം കേരള എഫ്സിയുടെ മുഹമ്മദ് അജ്സല്‍, റിയല്‍ കശ്മീരിന്റെ മുഹമ്മദ് അര്‍ബാസ്, ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ തോമസ് ചെറിയാന്‍, മൊഹമ്മദന്‍സിന്റെ ബികേഷ് സിംഗ്, പഞ്ചാബ് എഫ്സിയുടെ എല്‍.രാഗേഷ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായമണിയുക.
സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമെനെസുമായി കരാറിലൊപ്പിട്ടതിന് പിന്നാലെയാണ് ഈ യുവതാരങ്ങളുടെ വരവ്. അര്‍ജന്റീനയില്‍ നിന്നൊരു യുവ സ്ട്രൈക്കറെയും ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ക്ലബ്ബ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സെപ്റ്റംബര്‍ 13-ന് കൊല്‍ക്കത്തയില്‍ നടക്കുന്ന മോഹന്‍ ബഗാന്‍ - മുംബൈ സിറ്റി മത്സരത്തോടെയാണ് പുതിയ ഐഎസ്എല്‍ സീസണിന് തുടക്കമാവുക. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം സെപ്റ്റംബര്‍ 15-ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പഞ്ചാബ് എഫ്സിക്കെതിരെയാണ്.
അടുത്തിടെ, പുതിയ കളിക്കാരെ ടീമിലെത്തിക്കുന്നതിലെ കാലതാമസത്തിന് ആരാധകരില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് മറുപടിയായി, ക്ലബ് ഡയറക്ടര്‍ നിഖില്‍ നിമ്മഗദ്ദ ടീമിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയും സാങ്കേതിക കാരണങ്ങളാല്‍ കരാറുകള്‍ വൈകിയെന്ന് വിശദീകരിക്കുകയും ചെയ്തു. പുതിയ കളിക്കാരെ എത്തിക്കുന്നതില്‍ ക്ലബ് പ്രതിജ്ഞാബദ്ധമാണെന്നും ആരാധകരെ തെറ്റിദ്ധരിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുതിയ കളിക്കാരുടെ വരവ് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.