വമ്പന്‍ അട്ടിമറി, മുംബൈ സിറ്റിയെ ഒറ്റഗോളില്‍ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ് 1 മുംബൈ സിറ്റി എഫ്സി 0
കൊച്ചി: സമനില പോലും നേടിയാല്‍ പ്ലേഓഫ് ഉറപ്പാക്കാമായിരുന്ന മുംബൈ സിറ്റി എഫ്സിയെ അട്ടിമറിച്ച് സീസണിലെ അവസാന ഹോം മത്സരം കേരള ബ്ലാസ്റ്റേഴ്സ് അവിസ്മരണീയമാക്കി. 52ാം മിനിറ്റില്‍ ക്വാമി പെപ്ര നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തലയുയര്‍ത്തി മടങ്ങിയത്. അവസാന മിനിറ്റില്‍ ബികാഷ് യുംനം നടത്തിയ ക്ലിയറിങാണ് മുംബൈയുടെ സമനില മോഹം പൊളിച്ചത്. മലയാളി താരം മുഹമ്മദ് ഐമെനാണ് കളിയിലെ താരം. ജയത്തോടെ 23 കളിയില്‍ നിന്ന് 28 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 9ാം പടിയിലെത്തി. നിലവിലെ ഷീല്‍ഡ് ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയോട് സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്. മാര്‍ച്ച് 12ന് ഹൈദാരാബാദ് എഫ്സിക്കെതിരെ ഒരു എവേ മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്. അതേസമയം മുംബൈ സിറ്റിക്ക്് പ്ലേഓഫ് യോഗ്യത നേടാന്‍ അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്സിക്കെതിരെ സമനിലയെങ്കിലും വേണം.
ഒരേയൊരു മാറ്റമാണ് മുംബൈക്കെതിരായ കളിയില്‍ ബ്ലാസ്റ്റേഴ്സ് വരുത്തിയത്. യൊയ്ഹെന്‍ബയ്ക്ക് പകരം ഇഷാന്‍ പണ്ഡിത ആദ്യ ഇലവനില്‍ തിരിച്ചെത്തി. ഗോള്‍വലയ്ക്ക് മുന്നില്‍ നോറ ഫെര്‍ണാണ്ടസിന് രണ്ടാമതും അവസരം നല്‍കി. പ്രതിരോധത്തില്‍ ദുസാര്‍ ലഗാറ്റോര്‍, ഐബന്‍ബ ഡോഹ്ലിങ്, നവോച്ച സിങ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, വിബിന്‍ മോഹനന്‍, മുഹമ്മദ് ഐമെന്‍, കോറോ സിങ് എന്നിവവര്‍. ക്വാമി പെപ്രയും ഇഷാന്‍ പണ്ഡിതയും മുന്നേറ്റം നയിച്ചു. മുംബൈ ഗോള്‍ കീപ്പറായി പുര്‍ബ ലചെന്‍പ. ടിരി, തായിര്‍ ക്രൗമ, സാഹില്‍ പന്‍വാര്‍ എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ ജോണ്‍ ടൊറാല്‍, വാന്‍ നീഫ്, ബ്രിസന്‍ ഫെര്‍ണാണ്ടസ്. മുന്നേറ്റത്തില്‍ ലല്ലിയാന്‍സുവാല ചങ്തെ, വിക്രം പ്രതാപ് സിങ്, ബിപിന്‍ സിങ്.
തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് ലീഡ് നേടാനുള്ള അവസരമെത്തി, പക്ഷേ കോറു സിങിന്റെ ക്രോസില്‍ കൃത്യമായി കാല്‍ കണക്ട് ചെയ്യാന്‍ ഇഷാന്‍ പണ്ഡിതയ്ക്കായില്ല. 17ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യത്തിനടുത്തെത്തി, ഐബന്‍ബയുടെ ക്രോസ് സ്വീകരിച്ച് ക്ലോസ് റേഞ്ചില്‍ മിലോസ് ഡ്രിന്‍സിച്ച് ഹെഡറിന് ശ്രമിച്ചെങ്കിലും ലചെന്‍പ സമര്‍ഥമായി പന്ത് കയ്യിലൊതുക്കി. മറുഭാഗത്ത് ബിപിന്‍ സിങ് ബോക്സിന് ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് നോറയും തടഞ്ഞു. നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന തരത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കളി, അതേസമയം മുംബൈ പ്രതിരോധത്തിലൂന്നിയാണ് ആദ്യപകുതിയില്‍ ഏറെയും കളിച്ചത്. ഇതിനിടെ ബ്ലാസ്റ്റേഴ്സിന് കിട്ടിയ ആദ്യ കോര്‍ണര്‍ മുംബൈ നിര്‍വീര്യമാക്കി. ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് ഇഷാന് ഒരു അവസരം കൂടി കിട്ടി, ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും പന്ത് വല കണ്ടില്ല. അധിക സമയത്ത് കിട്ടിയ ഇന്‍ഡയറക്ട് ഫ്രീകിക്കും കോര്‍ണറും മുതലെടുക്കാന്‍ മുംബൈക്കുമായില്ല.
ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ആദ്യമാറ്റം വരുത്തി, ഇഷാന്‍ പണ്ഡിതയ്ക്ക് പകരം ഡാനിഷ് ഫാറൂഖെത്തി. 52ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് സമനില പൂട്ടഴിച്ചു. ബോക്സിന്റെ വലത് മൂലയില്‍ നിന്ന് മുംബൈ താരത്തില്‍ നിന്ന് പന്ത് തിരിച്ചുപിടിച്ച കോറോ സിങ് ബോക്സില്‍ ക്വാമി പെപ്രയ്ക്ക് നല്‍കി. മുംബൈയുടെ തായിര്‍ ക്രൗമ തടയാനെത്തിയെങ്കിലും പെപ്ര പന്തുമായി കുതിച്ചു, ശ്രമകരമായ ആംഗിളില്‍ നിന്നുള്ള ഘാന താരത്തിന്റെ വലങ്കാല്‍ ബുള്ളറ്റ് ഷോട്ട് വല തുളച്ചു കയറി. മനോഹരമായ ഗോളില്‍ ബ്ലാസ്റ്റേഴ്സ് മുന്നില്‍. മുംബൈക്കെതിരെ തുടര്‍ച്ചയായ മൂന്നാം ഗോള്‍ നേടിയ പെപ്ര, സീസണില്‍ ഏഴാം ഗോളും തികച്ചു. മുംബൈ തുടര്‍ച്ചയായി ഫ്രീകിക്കുകള്‍ നേടി, 61ാം മിനിറ്റില്‍ വിക്രം പ്രതാപ് സിങിന്റെ ഹെഡര്‍ നോറ ഫെര്‍ണാണ്ടസ് തടഞ്ഞു. പിന്നാലെ പെപ്രയുടെ ഒരു തകര്‍പ്പന്‍ ഷോട്ട് മുംബൈയും വിഫലമാക്കി.
72ാം മിനിറ്റില്‍ പെപ്രയെ ബ്ലാസ്റ്റേഴ്സ് പിന്‍വലിച്ചു, കാണികളുടെ ആരവങ്ങള്‍ക്കിടയില്‍ പകരമെത്തിയത് നോഹ സദൂയി. കളത്തിലിറങ്ങിയ അതേനിമിഷം സദൂയി ആദ്യശ്രമം നടത്തി. നൗഫലിന്റെ മുന്നേറ്റം ഡാനിഷ് ഫാറൂഖ് മനോഹരമായൊരു സ്ലൈഡിലൂടെ ബ്ലോക്ക് ചെയ്തു. മുംബൈ ആക്രമണം തുടര്‍ന്നു. ചാങ്തെയുടെ ക്രോസ് ഷോട്ട് വലയിലേക്ക് തിരിച്ചുവിടാനുള്ള വിക്രം സിങിന്റെ ശ്രമം നേരിയ വ്യത്യാസത്തില്‍ വിഫലമായി. കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ മുഹമ്മദ് ഐമെനെ മാറ്റി 85ാം മിനിറ്റില്‍ ബികാഷ് യുംനത്തിന് ബ്ലാസ്റ്റേഴ്സ് അവസരം നല്‍കി. കളി തിരിച്ചുപിടിക്കാന്‍ മുംബൈയും പരമാവധി മാറ്റങ്ങള്‍ വരുത്തി. 89ാം മിനിറ്റില്‍ നോഹയുടെ ഒരു തകര്‍പ്പന്‍ ഷോട്ട് ലചെന്‍പ ഉയര്‍ന്നുപൊങ്ങി കുത്തിയകറ്റി. പരിക്ക് സമയത്ത് സമനിലക്കായി മുംബൈ പരമാവധി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധവും നോറയും ഉറച്ചുനിന്നു.