For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

അഞ്ച് ഗോള്‍ ത്രില്ലര്‍, ഒഡീഷയെ നാടകീയമായി തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് കുതിപ്പ്

09:59 PM Jan 13, 2025 IST | Fahad Abdul Khader
UpdateAt: 09:59 PM Jan 13, 2025 IST
അഞ്ച് ഗോള്‍ ത്രില്ലര്‍  ഒഡീഷയെ നാടകീയമായി തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് കുതിപ്പ്

കലൂര്‍ സ്റ്റേഡിയത്തില്‍ ജയിക്കാമെന്ന മോഹസാഫല്യത്തിന് ഒഡീഷ എഫ്സി ഇനിയും കാത്തിരിക്കണം. ഐഎസ്എല്‍ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ് വിജയക്കുതിപ്പ് തുടര്‍ന്നു. ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു 3-2ന് ഒഡീഷയെ തകര്‍ത്തത്. ഒഡീഷ ഇതുവരെ കൊച്ചിയില്‍ ജയിച്ചിട്ടില്ല. നാലാം മിനിറ്റില്‍ ജെറിയിലൂടെ മുന്നിലെത്തിയ ഒഡീഷയെ 60ാം മിനിറ്റില്‍ ക്വാമി പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സ് ഒപ്പം പിടിച്ചു. പകരം താരം ജീസെസ് ജിമിനെസും (73), അധിക സമയത്ത് നോഹ സദൂയിയും ലക്ഷ്യം കണ്ടതോടെ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തകര്‍പ്പന്‍ ജയം ആഘോഷിച്ചു. ഡോറിയെല്‍ട്ടനാണ് ഒഡീഷയുടെ മറ്റൊരു സ്‌കോറര്‍. സീസണിലെ ആറാം ജയത്തോടെ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒരു പടി കൂടി കടന്ന് എട്ടാം സ്ഥാനത്തെത്തി. 18ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയാണ് വേദി.

പഞ്ചാബ് എഫ്സിയോട് ജയിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ഡാനിഷ് ഫാറൂഖ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ക്ക് ഇന്നലെ കളിക്കാനായില്ല. പ്രീതം കോട്ടാലും അലക്സാണ്ടര്‍ കോയെഫും ആദ്യ ഇലവനില്‍ ഇടം നേടി. സച്ചിന്‍ സുരേഷായിരുന്നു ഗോള്‍വലയ്ക്ക് മുന്നില്‍. പ്രതിരോധത്തില്‍ പ്രീതം കോട്ടല്‍, സന്ദീപ് സിങ്, ഹുയ്‌ദ്രോം നവോച്ച സിങ്, ഹോര്‍മിപാം. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, ഫ്രെഡി ലല്ലാംമാവ്മ, അലക്്സാണ്ടര്‍ കോയെഫ്. മുന്നേറ്റത്തില്‍ നോഹ സദൂയ്, കോറു സിങ്, ക്വാമി പെപ്ര എന്നിവര്‍. രാഹുല്‍ കെ.പി ഇന്നലെ ഒഡീഷ എഫ്സിക്കായി ഇറങ്ങിയില്ല. ഗോള്‍ കീപ്പറായി അമരീന്ദര്‍ സിങ് തുടര്‍ന്നു. അമയ് രണദാവെ, ജെറി ലാല്‍റിന്‍സുവാല, തോയ്ബ സിങ്, മൗര്‍ത്തദ ഫാള്‍ എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ റഹീം അലി, അഹമ്മദ് ജഹൗ, രോഹിത് കുമാര്‍, ജെറി മവിമിങ്താന. മുന്നേറ്റത്തില്‍ ദ്യേഗോ മൗറീസിയോയും ഡോറിയെല്‍ട്ടനും.

Advertisement

ആദ്യ മിനിറ്റില്‍ തന്നെ ലൂണയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റം നടത്തിയെങ്കിലും നാലാം മിനിറ്റില്‍ ഒഡീഷ എഫ്സി അക്കൗണ്ട് തുറന്നു. ബ്ലാസ്റ്റേഴ്സ് ക്ലിയര്‍ ചെയ്ത പന്ത് മൈതാനമധ്യത്തില്‍ പിടിച്ചെടുത്ത ഒഡീഷ താരം ബോക്സ് ലക്ഷ്യമാക്കി ക്രോസ് നല്‍കി. തൊട്ടടുത്ത് നിന്ന പ്രീതം കോട്ടാലിനെ കാഴ്ച്ചക്കാരനാക്കി ഡോറിയെല്‍ട്ടണ്‍ പന്ത് ജെറി മവിമിങ്താനയ്ക്ക് ഹെഡ് ചെയ്തു. രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങളെയും ഗോളിയെയും മറികടന്ന് ജെറി പന്ത് കൃത്യം വലയിലാക്കി. ഗ്യാലറി നിശ്ബദമായി. തൊട്ടുപിന്നാലെ ഇടതുപാര്‍ശ്വത്തിലൂടെ പന്തുമായി കുതിച്ച ലൂണ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കി, പക്ഷേ വലയ്ക്കരികില്‍ തോയ്ബ സിങ് പന്ത് തടുത്തിട്ടു. 12ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ കോര്‍ണര്‍ കിക്ക്, സദൂയിയുടെ ദേഹത്ത് തട്ടിയ പന്ത് ഫെഡ്രിക്ക് മുന്നില്‍. വലക്ക് മുന്നില്‍ ഫ്രെഡി പന്തിനെ പ്രഹരിച്ചെങ്കിലും ഒഡീഷ പ്രതിരോധം തടഞ്ഞിട്ടു. ലീഡ് വഴങ്ങിയെങ്കിലും പന്ത് ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തിലായി. പെപ്രയുടെ ഒരു ഗോള്‍ശ്രമം മൗര്‍ത്തദ ഫാള്‍ വിഫലമാക്കി.
ഡ്രിങ്കിങ് ബ്രേക്കിന് തൊട്ട് മുമ്പ് മറ്റൊരു കോര്‍ണര്‍ കിക്ക് കൂടി ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും ഹോര്‍മിപാമിന്റെ ഷോട്ട് വലിയ വ്യത്യാസത്തില്‍ വലയകന്ന് പറന്നു.
ബ്ലാസ്റ്റേഴ്സ് താരത്തെ അപകടകരമായി വീഴ്ത്തിയതിന് ഒഡീഷയുടെ ഡോറിയെല്‍ട്ടന് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചു. 37ാം മിനിറ്റില്‍ സദൂയി മികച്ചൊരു അവസരമൊരുക്കി. ജഹൗവിനെ മറികടന്ന് മുന്നേറിയ താരം, ബോക്സിനകത്ത് പെപ്രയ്ക്ക് മികച്ചൊരു പാസ് നല്‍കി. ശ്രമകരമായ ആംഗിളില്‍ പെപ്ര ഗോളിന് ശ്രമിച്ചെങ്കിലും ഒഡീഷ പ്രതിരോധം വട്ടമിട്ട് ദൗത്യം വിഫലമാക്കി. സദൂയ്-പെപ്ര സഖ്യം ആക്രമണം തുടര്‍ന്നു. പന്തടക്കത്തിലും പാസിങിലും മികവ് കാട്ടിയെങ്കിലും ആദ്യപകുതിയില്‍ സമനിലഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്സിനായില്ല.

ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ആക്രമണം കൂടുതല്‍ ശക്തമാക്കി. 48ാം മിനിറ്റില്‍ ടീം ഗോളിന് തൊട്ടരികിലെത്തി. കോറു സിങ് ഹെഡര്‍ ചെയ്ത് നല്‍കിയ പന്തുമായി വലതുപാര്‍ശ്വത്തിലൂടെ ലൂണയുടെ മനോഹരമായ കുതിപ്പ്. ബോക്സിനകത്ത് വലയ്ക്ക് സമാന്തരമായി കിറുകൃത്യമായൊരു ക്രോസ് നല്‍കി ക്യാപ്റ്റന്‍. പക്ഷേ അതേവേഗത്തില്‍ പന്തിലെത്താന്‍ പെപ്രയ്ക്കായില്ല. അമയ് രണദാവെ കോര്‍ണറിന് വഴങ്ങി അപകടം ഒഴിവാക്കി. ബ്ലാസ്റ്റേഴ്സ് തളര്‍ന്നില്ല, നിരന്തരം ആക്രമണങ്ങള്‍ തുടര്‍ന്നു. 60ാം മിനിറ്റില്‍ ഫലമെത്തി. കോറു സിങ് വലതുഭാഗത്ത് നിന്ന് നല്‍കിയ പന്തുമായി മുന്നേറിയ പെപ്ര രണ്ട് ഒഡീഷ താരങ്ങളെയും അഡ്വാന്‍സ് ചെയ്ത അമരീന്ദര്‍ സിങിനെയും വെട്ടിച്ചു, വലക്കരികില്‍ വലങ്കാല്‍ കൊണ്ടുള്ള കരുത്തുറ്റ അടി നെറ്റില്‍ പതിച്ചു. സീസണില്‍ പെപ്രയുടെ നാലാം ഗോള്‍. ഘാന താരത്തിന്റെ സ്വതസിദ്ധമായ ആഘോഷത്തിനൊപ്പം ഗ്യാലറിയും ചേര്‍ന്നു. സമനില ഗോള്‍ ബ്ലാസ്റ്റേഴ്സില്‍ കരുത്ത് നിറച്ചു. തൊട്ടടുത്ത നിമിഷം വീണ്ടും വലകുലുക്കിയെങ്കിലും ഓഫ്സഡൈില്‍ കുരുങ്ങി. ടീം കളിയിലെ ആദ്യ മാറ്റം വരുത്തി, കോയെഫിന് പകരം ഹിമെനെസിനെ ഇറക്കി. 73ാം മിനിറ്റില്‍ ഗോള്‍ നേടിയ ജിമെനെസ് കോച്ചിന്റെ തീരുമാനം ശരിവച്ചു. വലതുഭാഗത്ത് നിന്ന് ബോക്സിലേക്ക് ലൂണയുടെ ക്രോസ്, ഇടതുഭാഗത്തായി നിന്ന സദൂയി ഹെഡറിലൂടെ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജിമെനെസിന് നല്‍കി. തകര്‍പ്പന്‍ ഷോട്ടില്‍ പന്ത് വലയില്‍ വിശ്രമിച്ചു, സീണസില്‍ സ്പാനിഷ് താരത്തിന്റെ പത്താം ഗോള്‍. കോറു സിങിന് പകരം വിബിന്‍ മോഹനനും, ഐബെന് പകരം സന്ദീപ് സിങും കളത്തിലെത്തി. ലീഡ് ആനുകൂല്യം അധികനേരം ആസ്വദിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. 80ാം മിനിറ്റില്‍ ബോക്സിന് തൊട്ടരികെ നിന്ന് ലഭിച്ച ഫ്രീകിക്കിനൊടുവില്‍ ഒഡീഷ രണ്ടാം ഗോള്‍ നേടി. ആദ്യ ഷോട്ട് സച്ചിന്‍ തട്ടിയകറ്റി, റീബൗണ്ട് ചെയ്ത പന്തില്‍ വീണ്ടും ഒഡീഷയുടെ പ്രഹരം. ഇത്തവണയും പന്ത് തടഞ്ഞെങ്കിലും കയ്യിലൊതുക്കാന്‍ സച്ചിന്‍ സുരേഷിനായില്ല. തൊട്ടരികെ നിന്ന ഡോറിയെല്‍ട്ടണ്‍ അവസരം മുതലാക്കി, കളി വീണ്ടും സമനിലയിലായി. 83ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഒഡീഷയുടെ പകരതാരം കാര്‍ലോസ് ഡെല്‍ഗാഡോ പുറത്തായി. അവസാന മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ് വിജയഗോളിനായി കിണഞ്ഞു പരിശ്രമിച്ചു, അധിക സമയത്ത് സദൂയിയൂടെ മനോഹര ഗോളില്‍ ജയമുറപ്പിച്ചു.

Advertisement

Advertisement