ജിദ്ദയിലെ ഐപിഎൽ മെഗാലേലം; താരങ്ങളാവാൻ സച്ചിനും, അസറും, വിഷ്ണുവും അടക്കം മലയാളി താരങ്ങളും
നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള ഒരു ഡസൻ മലയാളി താരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയും ഐപിഎൽ അനുഭവസമ്പത്തുള്ള വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. റോഹൻ എസ് കുന്നുമ്മൽ (26), ഷൗൺ റോജർ (22), വിഘ്നേഷ് പുത്തൂർ, വൈശാഖ് ചന്ദ്രൻ (28), മിഥുൻ എസ് (30), അഭിഷേക് ജെ നായർ, എം അജിനാസ് (27), സൽമാൻ നിസാർ (27), അബ്ദുൽ ബാസിത്ത് (26) എന്നിവരാണ് ലേല പട്ടികയിൽ ഇടം നേടിയ മറ്റ് കേരള താരങ്ങൾ.
കേരള താരങ്ങൾക്ക് 30 ലക്ഷം രൂപ അടിസ്ഥാന വില
പന്ത്രണ്ട് കേരള ക്രിക്കറ്റ് താരങ്ങൾക്കും 30 ലക്ഷം രൂപയാണ് അടിസ്ഥാന വില. കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിലെ ടോപ് സ്കോററായ 35-കാരൻ സച്ചിൻ ബേബി ജിദ്ദയിൽ ഒരു ടീമിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യ എ താരമായ സച്ചിൻ ബേബി മുമ്പ് രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുമുണ്ട്. മുംബൈ ഇന്ത്യൻസിനായി രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവർക്കൊപ്പം കളിച്ച വിഷ്ണു വിനോദും ലേലത്തിൽ ടീമിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐപിഎൽ മെഗാ ലേലം
ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, അർഷ്ദീപ് സിംഗ് എന്നിവർ 2 കോടി രൂപ അടിസ്ഥാന വിലയുമായി 574 താരങ്ങളുടെ പട്ടികയിൽ മുന്നിലാണ്. 13 വയസ്സുള്ള ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയാണ് 30 ലക്ഷം രൂപ അടിസ്ഥാന അടിസ്ഥാന വിലയോടെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.
1574 താരങ്ങളുടെ പ്രാഥമിക പട്ടികയിൽ നിന്ന് 366 ഇന്ത്യക്കാരും 208 വിദേശികളുമടക്കം 574 പേരായി ചുരുക്കിയാണ് വെള്ളിയാഴ്ചയിലെ ലേലം. നിലവിലുള്ള എല്ലാ ഇന്ത്യൻ താരങ്ങളും ഉയർന്ന അടിസ്ഥാന വില പരിധിയിലാണ്.
പഞ്ചാബ് കിംഗ്‌സ് 110.50 കോടി രൂപയുമായാണ് ലേലത്തിനെത്തുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് വിലയേറിയ താരമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎൽ ജേതാവായ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബൗളർ അർഷ്ദീപ് സിംഗ്, കെഎൽ രാഹുൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹൽ, അവേഷ് ഖാൻ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ.
81 താരങ്ങൾ ഉയർന്ന പരിധിയായ 2 കോടി അടിസ്ഥാന വിലയിലും, 27 പേർ 1.5 കോടി രൂപ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. 1.25 കോടി രൂപ വിഭാഗത്തിൽ 18 പേരും, 1 കോടി രൂപ വിലയിട്ട 23 പേരും ലേലത്തിനുണ്ട്.