95 നോട്ടൗട്ട്, സല്‍മാന്‍ നിസാറിന് സെഞ്ച്വറി നിഷേധിച്ചു, കേരളത്തിന് കൂറ്റന്‍ സ്‌കോര്‍
രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളം ആദ്യ ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത് കേരളം. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് നേടിയ നിലയിലാണ് കേരളം ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. സല്‍മാന്‍ നിസാര്‍ (95*), മുഹമ്മദ് അസറുദ്ദീന്‍ (84), ജലജ് സക്‌സേന (84) എന്നിവരുടെ മികച്ച പ്രകടനമാണ് കേരളത്തെ ഈ സ്‌കോറിലെത്തിച്ചത്.
എന്നാല്‍ സല്‍മാന്‍ നിസാറിനെ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി കാത്തുനില്‍ക്കാതിരുന്നത് എന്ത് കൊണ്ടാണെന്നത് വ്യക്തമല്ല. ബംഗാള്‍ നിരയില്‍ ഇഷാന്‍ പോറല്‍ 6 വിക്കറ്റുകള്‍ വീഴ്ത്തി.
മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് കേരളം ബംഗാളിനെ വേഗത്തില്‍ പുറത്താക്കുകയാണെങ്കില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാനും അതുവഴി പോയിന്റ് നേടാനും കഴിയും.
കേരളത്തിന്റെ തുടക്കം ദുര്‍ബലമായിരുന്നു. 78 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലാണ് കേരളം ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്നത്. ഈ ഘട്ടത്തില്‍ ജലജ് സക്‌സേനയും സല്‍മാന്‍ നിസാറും ചേര്‍ന്ന് 140 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സക്‌സേന 162 പന്തില്‍ നിന്ന് 12 ബൗണ്ടറികളുമായി 84 റണ്‍സ് നേടി. സല്‍മാന്‍ നിസാര്‍ 95 റണ്‍സുമായി പുറത്താവാതെ നിന്നു. അസറുദ്ദീന്‍ 97 പന്തില്‍ നിന്ന് 11 ഫോറുകളും 2 സിക്‌സറുകളുമായി 84 റണ്‍സ് നേടി.
ഇന്നലെ ടോസ് നേടിയ ബംഗാള്‍ കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കേരളത്തിന്റെ തുടക്കം മോശമായിരുന്നു. 38 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലായിരുന്നു കേരളം. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (12), അക്ഷയ് ചന്ദ്രന്‍ (31) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല.