കേരള ടീമിന് കോടികള്‍ പരിതോഷികം പ്രഖ്യാപിച്ച് കെസിഎ, ജയസമാന നേട്ടമെന്ന് മുഖ്യമന്ത്രി
രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തിയ കേരള ടീമിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി കേരളം. അവരുടെ മിന്നും പ്രകടനത്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ഒന്നരക്കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ടീമിനെ ആദരിച്ചു.
കേരളത്തിന്റെ ഈ ചരിത്ര നേട്ടം ഒരു കിരീട നേട്ടത്തിന് തുല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അനുഭവസമ്പത്തും യുവത്വവും നിറഞ്ഞ ടീമിന്റെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ടീമിലെ ഓരോ അംഗങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഈ അവസരത്തില്‍ മറുനാടന്‍ താരങ്ങള്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്നും, ഇരുവരും കേരള സമൂഹത്തിന്റെ ഭാഗമാണെന്നും ജലജ് സക്സേന, ആദിത്യ സര്‍വാതെ എന്നിവരെ പറ്റി മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി പ്രശംസിച്ചു.
കേരളത്തിന് എന്നും അഭിമാനിക്കാവുന്ന മികച്ച വിജയം കൈവരിച്ച ടീമിലെ ഓരോ അംഗങ്ങളും ഭാവി തലമുറയ്ക്ക് മാതൃകയായി മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തില്‍ കായിക മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ക്രിക്കറ്റ് താരങ്ങള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു.
കായിക മന്ത്രി അബ്ദു റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍, പൗരപ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി റണ്ണര്‍ അപ്പ് ട്രോഫി മുഖ്യമന്ത്രിക്ക് കൈമാറി.
ഈ അവസരത്തില്‍ ബിസിസിഐയുടെ മൂന്ന് കോടി രൂപയുടെ സമ്മാനത്തുകയും ടീമിന് ലഭിക്കുമെന്നും, ഈ തുക ടീം അംഗങ്ങള്‍ക്കും മാനേജ്‌മെന്റിനുമായി നല്‍കുമെന്നും പ്രസിഡന്റ് ജയേഷ് ജോര്‍ജും സെക്രട്ടറി വിനോദ് എസ്. കുമാറും അറിയിച്ചു.