ഇതാ ചരിത്രം പിറന്നു, കേരളം രഞ്ജി ട്രോഫി ഫൈനലില്‍
രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ നേടിയ രണ്ട് റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തില്‍ കേരളം ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ചു. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് ഫെബ്രുവരി 26ന് ആരംഭിക്കുന്ന ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍.
രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം, രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ജലജ് സക്‌സേനയും (37), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും (14) രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിനായി പുറത്താകാതെ നിന്നു. സ്‌കോര്‍: കേരളം 457, 114-4; ഗുജറാത്ത് 455.
നിര്‍ണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി ഫൈനല്‍ ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച കേരളത്തിന്, ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് 30 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കം നല്‍കി. എന്നാല്‍, പന്ത്രണ്ടാം ഓവറില്‍ അക്ഷയ് ചന്ദ്രനെ (9) പുറത്താക്കിയ സിദ്ധാര്‍ത്ഥ് ദേശായി കേരളത്തിന് ആദ്യ തിരിച്ചടി നല്‍കി. പിന്നാലെ വരുണ്‍ നായനാരെ (1) മനന്‍ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ കുടുക്കി. ജലജ് സക്‌സേനയും രോഹനും ചേര്‍ന്ന് കേരളത്തെ 50 കടത്തിയെങ്കിലും, 69 പന്തില്‍ 32 റണ്‍സെടുത്ത രോഹനെ പുറത്താക്കി സിദ്ധാര്‍ത്ഥ് ദേശായി വീണ്ടും കേരളത്തിന് പ്രഹരമേല്‍പ്പിച്ചു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും (10) അധികം പിടിച്ചുനില്‍ക്കാനായില്ല. ഹിംഗ്രാജിയയുടെ പന്തില്‍ സച്ചിന്‍ പുറത്തായതോടെ കേരളം 81-4 എന്ന നിലയില്‍ പതറി.
നേരത്തെ, ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്തിന്റെ രണ്ട് വിക്കറ്റുകള്‍ കൂടി തുടക്കത്തിലേ വീഴ്ത്തി കേരളം ആതിഥേയരെ 449-9 എന്ന നിലയിലേക്ക് തള്ളിവിട്ടിരുന്നു. എന്നാല്‍, അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയും ചേര്‍ന്ന് കേരളത്തെ സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍, ഒന്നാം ഇന്നിംഗ്‌സ് ലീഡിന് വെറും മൂന്ന് റണ്‍സ് മാത്രം അകലെ നാഗ്വസ്വാല പുറത്തായത് നിര്‍ണായകമായി. ആദിത്യ സര്‍വാതെയുടെ പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച നാഗ്വസ്വാലയുടെ ഷോട്ട്, ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മെറ്റില്‍ തട്ടി സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തുകയായിരുന്നു.
ജമ്മു കശ്മീരിനെതിരെ ഒരു റണ്‍ ലീഡില്‍ സെമി ഫൈനല്‍ ഉറപ്പിച്ച കേരളം, ഗുജറാത്തിനെതിരെ രണ്ട് റണ്‍സിന്റെ ലീഡില്‍ ഫൈനലില്‍ പ്രവേശിച്ച് ചരിത്രം കുറിച്ചു.