For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സല്‍മാന്‍ വീണ്ടും രക്ഷകന്‍, ഇതാ ചരിത്രം പിറന്നു, രഞ്ജിയില്‍ കേരളം സെമിയില്‍

05:16 PM Feb 12, 2025 IST | Fahad Abdul Khader
Updated At - 05:16 PM Feb 12, 2025 IST
സല്‍മാന്‍ വീണ്ടും രക്ഷകന്‍  ഇതാ ചരിത്രം പിറന്നു  രഞ്ജിയില്‍ കേരളം സെമിയില്‍

ജമ്മു കാശ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ സമനിലയില്‍ കലാശിച്ചതോടെ, ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ കേരളം സെമി ഫൈനലിലേക്ക് മുന്നേറി. 399 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, അവസാന ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണ് നേടിയത്.

ആദ്യം പ്രതിരോധത്തില്‍ ഊന്നിയ കേരളം, പിന്നീട് വിക്കറ്റുകള്‍ നഷ്ടമായതോടെ പ്രതിസന്ധിയിലായി. അക്ഷയ് ചന്ദ്രനും (183 പന്തില്‍ 48) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (162 പന്തില്‍ 48) ആദ്യ സെഷനില്‍ മികച്ച പ്രതിരോധം കാഴ്ചവെച്ചു. എന്നാല്‍, രണ്ടാം സെഷനില്‍ സാഹില്‍ ലഹോത്രയുടെ നിര്‍ണായക സ്‌പെല്‍ കേരളത്തെ ഞെട്ടിച്ചു.

Advertisement

സച്ചിനെയും അക്ഷയ്യെയും പുറത്താക്കിയ ലഹോത്ര, ജമ്മു കാശ്മീരിന് വിജയപ്രതീക്ഷ നല്‍കി. പിന്നാലെ ജലജ് സക്സേന (18), ആദിത്യ സര്‍വാതെ (8) എന്നിവരെ ആബിദ് മുഷ്താഖ് പുറത്താക്കിയതോടെ കേരളം 180/6 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

എന്നാല്‍, ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയുമായി കേരളത്തിന് നിര്‍ണായക ലീഡ് നേടിക്കൊടുത്ത സല്‍മാന്‍ നിസാര്‍, രണ്ടാം ഇന്നിംഗ്‌സിലും രക്ഷകനായി. മുഹമ്മദ് അസറുദ്ദീനൊപ്പം (118 പന്തില്‍ 67*) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തിന് സമനില നേടിക്കൊടുത്തത്. 162 പന്തുകള്‍ നേരിട്ട സല്‍മാന്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 111 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

Advertisement

Advertisement