സിക്‌സും ഫോറുകളുമായി സഞ്ജുവിന്റെ വെടിക്കെട്ട് തുടങ്ങി, ഇനി മാസ് ഷോ
രഞ്ജി ട്രോഫിയിലെ രണ്ടാമത്തെ മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. ശക്തരായ കര്‍ണാടകയ്ക്കെതിരായ മത്സരത്തില്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എന്ന നിലയിലാണ് കേരളം. സഞ്ജു സാംസണ്‍ (15), സച്ചിന്‍ ബേബി (23) എന്നിവര്‍ ക്രീസിലുണ്ട്.
മഴ മൂലം ആദ്യ ദിനം വൈകിയാണ് കളി ആരംഭിച്ചത്. രണ്ടാം ദിനവും മഴ കളി തടസ്സപ്പെടുത്തി. മികച്ച ടച്ചിലാണ് സഞ്ജുവുളളത്. നേരിട്ട 13 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഇതിനോടകം സഞ്ജു പായിച്ച് കഴിഞ്ഞു. ഒരു സിക്‌സറോടെയാണ് സഞ്ജു ഇന്നിംഗ്‌സ് ആരംഭിച്ചത് തന്നെ.
രോഹന്‍ കുന്നുമ്മല്‍ (63) മികച്ച ഇന്നിംഗ്‌സ് കളിച്ചു. വത്സല്‍ 31 റണ്‍സും നേടി. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. സഞ്ജു സാംസണ്‍, എം ഡി നിധീഷ്, കെ എം ആസിഫ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
പഞ്ചാബിനെതിരെ ഉജ്ജ്വല വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ടീം. സഞ്ജുവാകട്ടെ ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും നേടിയിരുന്നു.