പൊരുതി ലീഡോടെ സമനില നേടി കേരളം, രഞ്ജിയില്‍ കര്‍ണാടകത്തെ പിന്തളളി കുതിപ്പ്
രഞ്ജി ട്രോഫിയില്‍ നാടകീയ സമനില സ്വന്തമാക്കി കേരളം. മധ്യപ്രദേശിനെതിരെ തോല്‍വി മുന്നില്‍ കണ്ട കേരളത്തെ വാലറ്റമാണ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സ് കേരളം ലീഡ് നേടിയതിനാല്‍ വിലപ്പെട്ട മൂന്ന് പോയന്റുകള്‍ നേടാന്‍ കേരളത്തിനായി.
363 റണ്‍സ് വിജയലക്ഷ്യവുമായി 28-1 എന്ന സ്‌കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ കേരളം മത്സരം അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയിലായിരുന്നു.
ഒരു ഘട്ടത്തില്‍ അഞ്ചിന് 47 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ അര്‍ധ സെഞ്ച്വറികള്‍ നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍, ആദിത്യ സര്‍വാതെയും പുറത്താകാതെ നിന്ന ബാബ അപരാജിത്തുമാണ് രക്ഷിച്ചെടുത്തത്.
മുഹമ്മദ് അസ്ഹറുദ്ദീന്‍ (68), ആദിത്യ സര്‍വാതെ (80) എന്നിവര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബാബ അപരാജിത്ത് 26 റണ്‍സുമായി പുറത്താകാതെ നിന്നു. 24 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനും 32 റണ്‍സെടുത്ത ജലജ് സക്‌സേനയും വിലപ്പെടട് ചെറുത്ത് നില്‍പ് നടത്തി.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് രോഹന്‍ കുന്നമ്മലിന്റെയും(8), ഷോണ്‍ റോജറിന്റെയും(1) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും(3) വിക്കറ്റുകള്‍ നാലാം ദിനം തുടക്കത്തിലെ നഷ്ടമായിരുന്നു. ഇതോടെ 28-1ല്‍ നിന്ന് 37-4ലേക്ക് വീണ കേരളത്തിന് പിന്നാലെ സല്‍മാന്‍ നിസാറിനെക്കൂടി നഷ്ടമായതോടെ 47-5ലേക്ക് കൂപ്പുകുത്തി പരാജയത്തിന്റെ വക്കിലായി. എന്നാാല്‍ ആറാം വിക്കറ്റില്‍ ജലജ് സക്‌സേനയും മുഹമ്മദ് അസറുദ്ദീനും ചേര്‍ന്ന് കേരളത്തെ 100 കടത്തി പ്രതീക്ഷ നല്‍കി.
ടീം സ്‌കോര്‍ 121ല്‍ നില്‍ക്കെ സക്‌സേനയെ(32) വീഴ്ത്തിയ സാരാന്‍ഷ് ജെയിന്‍ കേരളത്തെ വീണ്ടും ഞെട്ടിച്ചു. എന്നാല്‍ എട്ടാമനായി ക്രീസിലെത്തിയ ആദിത്യ സര്‍വാതെ അസറുദ്ദീനൊപ്പം ഉറച്ചുനിന്നതോടെ കേരളത്തിന് സമനില പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ടാം ന്യൂബോളില്‍ അസറുദ്ദീനെ(68) കുല്‍ദീപ് സെന്‍ പുറത്താക്കിയതോടെ കേരളം വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ആദിത്യ സര്‍വാതെ കേരളത്തിന്റെ ചെറുത്ത് നില്‍പ്പ് മുഖമായി മാറുകയായിരുന്നു. ബാബ അപരാജിത്തും ഉറച്ച പിന്തുണ നല്‍കിയത് കേരളത്തന് നേട്ടമായി.
ലീഡോടെ സമനില നേടിയതോടെ കേരളം പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി. 21 പോയന്റുമായി രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി. കരുത്തരായ കര്‍ണാടകയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് കേരളം രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചത്. കര്‍ണാടകയ്ക്ക് 19 പോയന്റാണ് ഉളളത്.
ഒന്നാം സ്ഥാനത്തുള്ള ഹരിയാനയാകട്ടെ ബംഗാളിനെ തകര്‍ത്ത് 26 പോയന്റുമായി ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു. എലൈറ്റ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകക്ക് ഹരിയാനയാണ് എതിരാളികള്‍. കേരളത്തിന് താരതമ്യേന ദുര്‍ബലരായ ബിഹാറിനെയാണ് അവസാന മത്സരത്തില്‍ നേരിടേണ്ടത്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് കേരളത്തിന്റെ അവസാന മത്സരം. ഇതോടെ കേരളം പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയിലാണ്.