നിലയുറപ്പിച്ച് കേരളം, ഇനി ലീഡിലേക്കെത്തെണം, രണ്ടാം ദിനം ബലാബലം
രഞ്ജി ട്രോഫി ഫൈനല്‍ പോരാട്ടത്തില്‍ ബാലാബലം. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 379 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ത്തന്നെ തിരിച്ചടി നേരിട്ടു. എന്നാല്‍ പിന്നീട് കേരളം ശക്തമായി തിരിച്ചുവന്നു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടിയിട്ടുണ്ട്.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനെ പൂജ്യത്തിന് നഷ്ടപ്പെട്ട കേരളത്തിന് പിന്നാലെ അക്ഷയ് ചന്ദ്രനെയും പെട്ടെന്ന് നഷ്ടമായി. തുടക്കത്തിലെ ഈ തകര്‍ച്ചയ്ക്ക് ശേഷം, ആദിത്യ സര്‍വാതെയും അഹമ്മദ് ഇമ്രാനും ചേര്‍ന്ന് കേരളത്തെ മുന്നോട്ട് നയിച്ചു. സര്‍വാതെ അര്‍ധസെഞ്ചുറി നേടി, ഈ കൂട്ടുകെട്ട് 93 റണ്‍സ് നേടി.
എന്നാല്‍ അഹമ്മദ് ഇമ്രാന്‍ പുറത്തായതോടെ വിദര്‍ഭ വീണ്ടും മേല്‍ക്കൈ നേടി. പിന്നീട് എത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സര്‍വാതെയ്‌ക്കൊപ്പം ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ കേരളത്തെ മുന്നോട്ട് നയിച്ചു. സര്‍വാതെ 66 റണ്‍സുമായി ക്രീസില്‍ തുടരുന്നു.
നിലവില്‍ ഏഴ് വിക്കറ്റ് അവശേഷിക്കെ നിലവില്‍ കേരളം 248 റണ്‍സ് പിറകിലാണ്. മത്സരത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാം.
നേരത്തെ, വിദര്‍ഭയെ 379 റണ്‍സിന് പുറത്താക്കിയാണ് കേരളം തങ്ങളുടെ ശക്തമായ തിരിച്ചുവരവ് പ്രകടമാക്കിയത്. ഡാനിഷ് മലേവാറിന്റെ സെഞ്ചുറി ഉണ്ടായിരുന്നിട്ടും കേരളം മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. എം ഡി നിധീഷും ഏദന്‍ ആപ്പിള്‍ ടോമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. എന്‍ പി ബേസില്‍ രണ്ടും ജലജ് സക്സേന ഒന്നും വിക്കറ്റ് നേടി.
രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഡാനിഷ് മലേവാറിനെ പുറത്താക്കി ബേസിലാണ് കളിയില്‍ വഴിത്തിരിവുണ്ടാക്കിയത്. പിന്നീട് വിദര്‍ഭയുടെ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. അവസാന വിക്കറ്റില്‍ നചികേത് ഭൂതെ 32 റണ്‍സ് നേടി വിദര്‍ഭ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ നിധീഷ് അദ്ദേഹത്തെ പുറത്താക്കി വിദര്‍ഭയുടെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.