കലിപ്പെല്ലാം തീര്‍ത്തു, കൂറ്റന്‍ ജയവുമായി കേരളത്തിന്റെ തിരിച്ചുവരവ്
വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് കൂറ്റന്‍ ജയം. ത്രിപുരയ്ക്കെതിരെ 145 റണ്‍സിന്റെ മികച്ച വിജയം ആണ് കേരളം സ്വന്തമാക്കിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സ് കുറിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുരയ്ക്ക് 42.3 ഓവറില്‍ 182 റണ്‍സിന് ഓള്‍ ഔട്ടാകേണ്ടി വന്നു.
കേരളത്തിനായി കൃഷ്ണ പ്രസാദിന്റെ (135) സെഞ്ച്വറിയും രോഹന്‍ കുന്നുമ്മലിന്റെ (57) അര്‍ദ്ധ സെഞ്ച്വറിയും സല്‍മാന്‍ നിസാറിന്റെ (42) വെടിക്കെട്ട് പൊരിഞ്ഞ ബാറ്റിംഗുമാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നിധീഷ് എം ഡിയും ആദിത്യ സര്‍വതെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ത്രിപുരയുടെ ബാറ്റിംഗ് നിരയെ തകര്‍ത്തു.
78 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മന്‍ദീപ് സിംഗ് മാത്രമാണ് ത്രിപുരയ്ക്ക് വേണ്ടി തിളങ്ങിയത്.
അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായ കേരളത്തിന്റെ ആദ്യ ജയമാണിത്. സഞ്ജു സാംസണില്ലാതെയാണ് കേരളം കളിക്കുന്നത്.
കേരളത്തിന്റെ ഇന്നിംഗ്‌സ്:
തുടക്കത്തില്‍ പതിയെയാണ് കേരളം ബാറ്റ് ചെയ്തത്. ആനന്ദ് കൃഷ്ണനും (18) രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 46 റണ്‍സ് നേടി. തുടര്‍ന്ന് കൃഷ്ണ പ്രസാദും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
രോഹന്‍ പുറത്തായ ശേഷം കൃഷ്ണ പ്രസാദും അസ്ഹറുദ്ദീനും ചേര്‍ന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ സല്‍മാന്‍ നിസാറും കൃഷ്ണ പ്രസാദും ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കൃഷ്ണ പ്രസാദ് 110 പന്തില്‍ നിന്ന് 8 സിക്‌സറുകളും 6 ഫോറുകളുമടക്കം 135 റണ്‍സ് നേടി.
കേരള ടീം: രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, കൃഷ്ണ പ്രസാദ്, അബ്ദുള്‍ ബാസിത്ത്, ആനന്ദ് കൃഷ്ണന്‍, ആദിത്യ സര്‍വതെ, ഷറഫുദ്ദീന്‍, എം.ഡി. നിധീഷ്, ബേസില്‍ തമ്പി.