ഭുംറ സൈനയുടെ തലക്കെറിയണം, ഒടുവില്‍ കുടുങ്ങി, മാപ്പ് പറഞ്ഞ് കൊല്‍ക്കത്തന്‍ താരം
ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയതോടെ ബിസിസിഐ 125 കോടി രൂപയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. 11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു ഇന്ത്യ കിരീടം നേടിയത് എന്നതിനാലാണ് ഇത്രയും വലിയ സമ്മാനത്തുക പ്രഖ്യാപിക്കാന്‍ കാരണം. ഇത് കായിക ലോകത്ത് വലിയ ചര്‍ച്ച വിഷയയായി മാറിയിരുന്നു.
ഇതുകൂടാതെ, വിവിധ സംസ്ഥാന സര്‍ക്കാരുകളും അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചു.
അതെസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ അവരുടെ സംസ്ഥാന ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേകമായി ക്യാഷ് പ്രൈസ് നല്‍കാനുള്ള തീരുമാനം പ്രമുഖ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ചിരാഗ് ഷെട്ടിയുടെ വിമര്‍ശനത്തിന് ഇടയാക്കി. മറ്റ് കായിക ഇനങ്ങളില്‍ നിന്നുള്ള അത്ലറ്റുകളുടെ നേട്ടങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇതേ ആശയം പ്രകടിപ്പിച്ച സഹതാരം സൈന നെഹ്വാള്‍, ഇന്ത്യയില്‍ മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റിന് ലഭിക്കുന്ന അമിതമായ ശ്രദ്ധയെയും അംഗീകാരത്തെയും കുറിച്ച് തന്റെ നിരാശ പ്രകടിപ്പിച്ചു.
'സൈന എന്താണ് ചെയ്യുന്നത്, ഗുസ്തിക്കാരും ബോക്സര്‍മാരും എന്താണ് ചെയ്യുന്നത്, നീരജ് ചോപ്ര എന്താണ് ചെയ്യുന്നതെന്ന് എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്നു. ഈ കായിക താരങ്ങളെ എല്ലാവര്‍ക്കും അറിയാം, കാരണം ഞങ്ങള്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ എപ്പോഴും ഞങ്ങള്‍ ഉണ്ടായിരുന്നു. കായിക സംസ്‌കാരം പോലുമില്ലാത്ത ഇന്ത്യയില്‍ ഞങ്ങളത് ചെയ്തു, അതൊരു സ്വപ്നമാണെന്ന് എനിക്ക് തോന്നുന്നു' സൈന നിഖില്‍ സിംഹയുമായി നടത്തിയ പോഡ്കാസ്റ്റില്‍ പറഞ്ഞു.
സൈന നെഹ്വാളിന്റെ അഭിപ്രായത്തെ പരിഹസിച്ച് പ്രതികരണമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ 20 വയസ് മാത്രം പ്രായമുളള അംഗ്കൃഷ് രഘുവംശി രംഗത്തെത്തി. 'ഭുംറ 150 കിലോമീറ്റര്‍ വേഗതയില്‍ ബൗണ്‍സറുകള്‍ അവരുടെ തലയിലേക്ക് എറിയുമ്പോള്‍ അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് നോക്കാം' രഘുവംശി പ്രതികരിച്ചു.
രഘുവംശിയുടെ പരാമര്‍ശം ആരാധകരില്‍ നിന്നും വിവിധ കായിക താരങ്ങൡ നിന്നും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി. ഇതോടെ പ്രതിരോധത്തിലായ രഘുവംശി തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും തന്റെ പരാമര്‍ശങ്ങളുടെ അപക്വത സമ്മതിച്ചുകൊണ്ട് ക്ഷമാപണം നടത്തുകയും ചെയ്തു.
'എല്ലാവരോടും ക്ഷമിക്കണം, എന്റെ പരാമര്‍ശങ്ങള്‍ ഒരു തമാശയായാണ് ഞാന്‍ ഉദ്ദേശിച്ചത്, തിരിഞ്ഞുനോക്കുമ്പോള്‍ അത് ശരിക്കും ഒരു അപക്വമായ തമാശയാണെന്ന് ഞാന്‍ കരുതുന്നു. എന്റെ തെറ്റ് ഞാന്‍ മനസ്സിലാക്കുന്നു, ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു,' യുവതാരം എക്‌സില്‍ തന്നെ കുറിച്ചു.