ഉംറാനെ പുറത്താക്കി കെകെആര്‍, പകരം സര്‍പ്രൈസ് താരത്തെ ടീമിലെടുത്തു
ഐപിഎല്‍ 18ാം സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ ഒരു ശ്രദ്ധേയമായ മാറ്റം. ജമ്മുകശ്മീര്‍ പേസര്‍ ഉംറാന്‍ മാലിക്കിന് പകരക്കാരനായി ഇടംകൈയ്യന്‍ പേസ് ബൗളര്‍ ചേതന്‍ സകരിയയെ കൊല്‍ക്കത്ത ടീമിലെത്തിച്ചു. പരിക്കാണ് ഉംറാന് തിരിച്ചടിയായത്.
നേരത്തെ നടന്ന ഐപിഎല്‍ താരലേലത്തില്‍ 75 ലക്ഷം രൂപയ്ക്കാണ് ഉംറാനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഇതോടെ ഉംറാന്‍ ഐപിഎല്ലില്‍ നിന്നും പുറത്തായി.
ചേതന്‍ സകരിയയുടെ തിരിച്ചുവരവ്
കൊല്‍ക്കത്ത കിരീടം നേടിയ കഴിഞ്ഞ വര്‍ഷവും 27-കാരനായ സകരിയ കെകെആര്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ ചേതന്‍ സ്‌കറിയക്ക് അവസരം ലഭിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനം നടന്ന മെഗാ ലേലത്തില്‍ സ്‌കറിയ അണ്‍സോള്‍ഡാകുകയും ചെയ്തു. ഇപ്പോഴിതാ ഉംറാന്റെ പകരക്കാരനായാണ് സ്‌കറിയക്ക് അവസരം ലഭിച്ചിരിക്കുന്നത്. 75 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തെ ടീമിലെത്തിച്ചിരിക്കുന്നത്.
ചേതന്‍ സകരിയയുടെ ഐപിഎല്‍ പ്രകടനം
സകരിയ മൂന്ന് സീസണുകളിലായി (2021-23) 19 ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുകയും 8.43 ഇക്കോണമിയില്‍ 20 വിക്കറ്റുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. 2022-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറുന്നതിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിനായാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. എല്ലാ ടി20 മത്സരങ്ങളിലും 7.69 എന്ന മികച്ച ഇക്കോണമിയില്‍ 46 മത്സരങ്ങളില്‍ നിന്ന് 65 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
ഉംറാന്‍ മാലിക് പുറത്ത്
ഉംറാന്‍ മാലിക്കിന് എന്തു തരത്തിലുള്ള പരിക്കാണ് ബാധിച്ചതെന്ന് വ്യക്തമല്ല. ഈ മാറ്റം കെകെആറിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് വരും മത്സരങ്ങളില്‍ കണ്ടറിയാം.