കൊല്‍ക്കത്ത പുറത്താക്കിയെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയി, വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം
ഐപിഎല്ലില്‍ തന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ വികാരഭരിതനായി മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് അയ്യര്‍. 2021 മുതല്‍ കൊല്‍ക്കത്തയുടെ ഭാഗമായിരുന്ന അയ്യരിനെ ഇത്തവണത്തെ ഐപിഎല്‍ റിട്ടന്‍ഷനില്‍ ടീം നിലനിര്‍ത്തിയില്ല. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ കരഞ്ഞുപോയെന്നാണ് വെങ്കടേഷ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തനിക്ക് ഒരു കുടുംബം പോലെയാണെന്നും ടീമിലെ കളിക്കാര്‍ മാത്രമല്ല, മാനേജ്മെന്റും സ്റ്റാഫുകളും എല്ലാവരും അതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിട്ടന്‍ഷന്‍ ലിസ്റ്റില്‍ തന്റെ പേരില്ലെന്ന് അറിഞ്ഞപ്പോള്‍ വളരെ വിഷമം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരലേലത്തില്‍ കൊല്‍ക്കത്ത തന്നെ വാങ്ങുമെന്ന പ്രതീക്ഷയിലാണ് വെങ്കടേഷ്. 2021-ല്‍ കൊല്‍ക്കത്ത ഫൈനലിലെത്തിയപ്പോള്‍ മുതല്‍ 2024-ല്‍ കിരീടം നേടുന്നത് വരെ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി വിജയ റണ്‍സ് നേടിയതും വെങ്കടേഷ് ആയിരുന്നു.
കൊല്‍ക്കത്ത നിലനിര്‍ത്തിയ താരങ്ങളെല്ലാം മികച്ചവരാണെന്നും എന്നാല്‍ റിട്ടന്‍ഷന്‍ ലിസ്റ്റില്‍ താനും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വെങ്കടേഷ് പറഞ്ഞു. കൊല്‍ക്കത്തയാണ് തന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയതെന്നും ടീമിനായി തനിക്ക് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി നാല് അര്‍ദ്ധസെഞ്ച്വറികള്‍ അടക്കം 370 റണ്‍സ് നേടിയിരുന്നു വെങ്കടേഷ്.