ഇംഗ്ലണ്ട് പരമ്പരയില്‍ രാഹുലിന് വിശ്രമം, സഞ്ജുവിനും പന്തിനും അഗ്നിപരീക്ഷ
ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുലിന് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 22 മുതല്‍ ആണ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടി20യും മൂന്ന് ഏകദിന മത്സരവുമാണ് പരമ്പരയിലുളളത്.
അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി രാഹുലിനെ ഒരുക്കുക എന്ന ലക്ഷ്യമിട്ടാണ് രാഹുലിന് വിശ്രമം അനുവദിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രാഹുല്‍ ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പെര്‍ത്ത് ടെസ്റ്റിലെ മികച്ച പ്രകടനം പിന്നീട് ആവര്‍ത്തിക്കാനായില്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ രാഹുല്‍ തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ 75.33 ശരാശരിയില്‍ 452 റണ്‍സുമായി തിളങ്ങിയ രാഹുലിന്റെ അഭാവത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മത്സരം കടുക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ റിഷഭ് പന്തിനെ പിന്തള്ളി ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താന്‍ സാധ്യതയുണ്ട്. ഏകദിനങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടാനും കഴിഞ്ഞിരുന്നു.
ഇതോടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടംപിടിയ്ക്കാന്‍ സഞ്ജുവിന് ഇംഗ്ലീഷ് പരമ്പര പരീക്ഷണമാകും. സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ പന്തിന് പിന്തള്ളി സഞ്ജു ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്തും. മറിച്ചായാലും പന്ത് ദുബൈയ്ക്ക് വിമാനം കയറും.