ലോർഡ് ബാബറല്ല, കിംഗ് കോഹ്ലിയോ ബട്ട്ലറോ പോലുമല്ല! ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് ഹെൻറിച്ച് ക്ലാസെൻ
ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കെതിരെ നാല് മത്സരങ്ങളുടെ ടി20 പരമ്പരയുടെ ചൂടിലാണ്. രണ്ട് മത്സരങ്ങൾക്ക് ശേഷം സ്കോർ 1-1 എന്ന നിലയിൽ സമനിലയിലായ പരമ്പരയ്ക്കിടെ തന്റെ ബാറ്റിംഗ് അഭിരുചികൾ വെളിപ്പെടുത്തുകയാണ് പ്രോട്ടീസിന്റെ ഏറ്റവും മികച്ച ബാറ്ററായ ഹെൻറിച്ച് ക്ലാസെൻ. എബി ഡിവില്ലിയേഴ്‌സിന്റെയും സൂര്യകുമാർ യാദവിന്റെയും സ്കൂപ്പ് ഷോട്ടുകൾ തന്റെ ബാറ്റിംഗ് ശേഖരത്തിൽ ഉൾപ്പെടുത്താൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നാണ് ക്ലാസെൻ പറയുന്നത്.
സ്‌കൂപ്പ് ഷോട്ട് കളിക്കുന്നതിന്റെ വെല്ലുവിളികൾ വിശദീകരിച്ചു കൊണ്ട് നിലവിലെ ലോകക്രിക്കറ്റിൽ ഏറ്റവും മികച്ച ടി20 താരം സൂര്യകുമാർ യാദവാണെന്ന് ക്ലാസ്സൻ പറയുന്നു. സൂര്യകുമാർ ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതും, അത് പ്രയോഗിക്കുന്നതും അതിശയകരമായ രീതിയിലാണെന്ന് ക്ലാസ്സൻ പറയുന്നു. ടി20 ക്രിക്കറ്റിൽ പുൾ ഷോട്ടുകളാണ് തന്റെ പ്രിയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
"ഏതെങ്കിലും ഒരു ഷോട്ട് കൂടി എന്റെ ആവനാഴിയിൽ ചേർക്കണമെങ്കിൽ, ഇതിഹാസ ദക്ഷിണാഫ്രിക്കൻ ബാറ്റർ എബി ഡിവില്ലിയേഴ്‌സിന്റെയും ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്റെയും സ്കൂപ്പിന്റെ സംയോജനമായിരിക്കും അത്. അവർക്ക് നേരായ പന്തുകളിൽ ഫൈൻ ലെഗിലേക്ക് അടിക്കാൻ കഴിയും, അത് അവിശ്വസനീയമാണ്. സ്കൈ ഫൈൻ ലെഗിന് മുകളിലൂടെ കളിക്കുന്നത് - സുപ്ല ഷോട്ട്," അദ്ദേഹം ജിയോ സിനിമയിൽ പറഞ്ഞു.
"സൂര്യകുമാർ യാദവാണ് ടി20 ക്രിക്കറ്റിലെ GOAT," അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോർമാറ്റിൽ ഏറ്റവും കഠിനമായി നേരിടേണ്ടി വരുന്നത് ജസ്പ്രീത് ബുംറയെയാണെന്നും ക്ലാസെൻ കൂട്ടിച്ചേർക്കുന്നു.
"ടി20 ക്രിക്കറ്റിൽ നേരിടാൻ ഏറ്റവും കഠിനമായ ബൗളർ ജസ്പ്രീത് ബുംറയാണ്."
2022-ലെ 81 റൺസും 2018-ലെ 69 റൺസിന്റെ ഇന്നിംഗ്‌സുമാണ് ഇന്ത്യയ്‌ക്കെതിരായ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ. എന്നാൽ സാഹചര്യങ്ങൾ കാരണം 81 ആണ് മികച്ചു നിൽക്കുന്നതെന്നാണ് ക്ളാസന്റെ പക്ഷം .
ഐപിഎൽ 2025-ൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 23 കോടി രൂപയ്ക്ക് വലംകൈയ്യൻ ബാറ്ററെ നിലനിർത്തിയിരുന്നു. ഫ്രാഞ്ചൈസിക്ക് വേണ്ടി കഴിഞ്ഞ രണ്ട് സീസണുകളിലായി അദ്ദേഹം 170-ലധികം സ്‌ട്രൈക്ക് റേറ്റിൽ 448, 479 റൺസുകൾ വീതം നേടി.