അടച്ചുകെട്ടി പെർത്തിലെ സ്റ്റേഡിയം; പരിശീലന രഹസ്യം ചോരാതിരിക്കാൻ ഗംഭീർ സഞ്ചരിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വഴിയേ..
ഓസ്‌ട്രേലിയൻ പരമ്പര ആരംഭിക്കുന്നതിന് രണ്ടാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ, ചൊവ്വാഴ്ച ഇന്ത്യ ആദ്യ പരിശീലന സെഷൻ ആരംഭിച്ചു. 2022 ലെ പര്യടനത്തിനിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഭീമൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചതിന് സമാനമായ ഉയർന്ന തലത്തിലുള്ള സുരക്ഷയാണ് പെർത്തിൽ ഇന്ത്യൻ ടീമിന് ലഭിക്കുന്നത്..
സുരക്ഷയ്ക്കിടയിൽ ടീം ഇന്ത്യ പരിശീലന സെഷൻ ആരംഭിച്ചപ്പോൾ വാക്ക പിച്ചിലെ തൊഴിലാളികൾക്ക് പോലും സെഷനുകൾ ചിത്രീകരിക്കുന്നതിനോ കാണുന്നതിനോ വിലക്കേർപ്പെടുത്തിയതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു...
സൂപ്പർതാരങ്ങളായ വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും പെർത്തിലെ വാക്ക ഗ്രൗണ്ടിൽ നടന്ന പരിശീലനത്തിൽ നിന്ന് വിട്ടുനിന്നു. നവംബർ 22 ന്, ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള ഒപ്റ്റസ് സ്റ്റേഡിയത്തിൽ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയുടെ ആദ്യ മത്സരം നടക്കുന്നതിന് രണ്ടാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ, പെർത്തിലെ പഴയ ടെസ്റ്റ് വേദിയിലാണ് ഇന്ത്യയുടെ ആദ്യ പരിശീലന സെഷൻ നടന്നത്.
പെർത്തിലെ ഒരു പത്രപ്രവർത്തകന്റെ വൈറലായ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കെഎൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത് എന്നിവർ നെറ്റുകളിൽ പരിശീലിക്കുന്നത് കാണാമായിരുന്നു. ജയ്‌സ്വാൾ അടിച്ച ഒരു സിക്സർ പരിശീലന ഗ്രൗണ്ടിന് മുകളിലൂടെ പോയി തെരുവിൽ വീണതാണ് പോസ്റ്റ് വൈറലാവാൻ കാരണം. എന്നാൽ ഭാഗ്യവശാൽ ആരെയും പരിക്കേൽപ്പിക്കുകയോ തെരുവിലെ കാറുകളിൽ കൊള്ളുകയോ ചെയ്തില്ല .
എന്നിരുന്നാലും, ഞായറാഴ്ച നഗരത്തിലെത്തിയ ടെസ്റ്റ് ടീമിലെ ആദ്യ കളിക്കാരനായ കോഹ്‌ലി, ബുംറ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ മുതിർന്ന കളിക്കാർ സെഷനിൽ നിന്ന് വിട്ടുനിന്നു. 'ദി വെസ്റ്റ് ഓസ്‌ട്രേലിയ' റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യ നിർബന്ധിത പരിശീലന സെഷൻ റദ്ദാക്കിയതിനെത്തുടർന്ന് അവർ വിശ്രമം തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ചത്തെ നെറ്റ് സെഷൻ ഓപ്ഷണൽ ആണെന്ന് പിന്നീട് സ്ഥിരീകരണവും വന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും വാക്കയിൽ ഇന്ത്യയ്ക്ക് പൂർണ്ണ പരിശീലന സെഷൻ ഉണ്ടാകും.
ഇന്ത്യ സ്വകാര്യത വർദ്ധിപ്പിക്കുന്നു
ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഇന്ത്യ അവരുടെ രഹസ്യ പരിശീലന ക്യാമ്പ് ആരംഭിച്ചപ്പോൾ ചൊവ്വാഴ്ച തന്നെ വാക്ക സ്റ്റേഡിയം പൂർണമായും അടച്ചിട്ടിരുന്നുവെന്ന് ദി വെസ്റ്റ് ഓസ്‌ട്രേലിയ റിപ്പോർട്ട് ചെയ്തിരുന്നു. പരിശീലന ഗ്രൗണ്ട് കറുത്ത ടാർപോളിൻ ഉപയോഗിച്ചു മൂടി. വേദിയിലെ ക്രിക്കറ്റ് ജീവനക്കാർക്ക് ഓഫീസിന് പുറത്ത് മൊബൈൽ ഉപയോഗിക്കുന്നതിനോ ഗ്രൗണ്ടിനുള്ളിൽ ചിത്രീകരിക്കുന്നതിനോ അനുമതിയും ഉണ്ടായിരുന്നില്ല.
വാസ്തവത്തിൽ, ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് പോലും ഇന്ത്യയുടെ പെർത്തിലെ നേരത്തെയുള്ള വരവിനെക്കുറിച്ച് അറിയില്ലായിരുന്നു. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് നഗരത്തിലെത്തിയപ്പോൾ മാത്രമാണ് ഇത്രയും വലിയ സന്നാഹങ്ങൾ പെർത്ത് കണ്ടതെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു .
"അവർക്കായി(ടീം ഇന്ത്യ ) സ്വകാര്യത ഉറപ്പാക്കാൻ ബാക്ക്ഗ്രൗണ്ടിൽ ധാരാളം ജോലികൾ നടന്നിട്ടുണ്ട്," പുതിയ WA ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ജോൺ സ്റ്റീഫൻസൺ ദി വെസ്റ്റിനോട് പറഞ്ഞു.
"പ്ലാൻ നന്നായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ ജീവനക്കാർ ശ്രമിക്കും. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ മൂന്ന് ദിവസം ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്." - അദ്ദേഹം കൂട്ടിച്ചേർത്തു . .