ആ പെരുമാറ്റം വേദനിപ്പിച്ചു, മാക് സ് വെല്ലിനെ ബ്ലോക്ക് ചെയ്ത് കോഹ്ലി
വിരാട് കോലിയും ഗ്ലെന്‍ മാക്‌സ്വെല്ലും ഇപ്പോള്‍ സുഹൃത്തുക്കളാണെങ്കിലും, ഒരു കാലത്ത് അവരുടെ ബന്ധം വളരെ മോശമായിരുന്നു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 'ദി ഷോമാന്‍' എന്ന തന്റെ പുതിയ പുസ്തകത്തില്‍ മാക്‌സ് വെല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
പഞ്ചാബ് കിംഗ്സുമായുള്ള വിവാദങ്ങള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ മാക്സ്വെല്ലിനെ ഉള്‍പ്പെടുത്താന്‍ കോഹ്ലി എങ്ങനെ പിന്തുണച്ചുവെന്ന് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ വെളിപ്പെടുത്തി. എന്നാല്‍, അവര്‍ സഹതാരങ്ങളാകുന്നതിന് നാല് വര്‍ഷം മുമ്പ്, ഇരുവരും തമ്മിലുണ്ടായ ഒരു സംഭവം കോഹ്ലിയെ ഇന്‍സ്റ്റാഗ്രാമില്‍ മാക്‌സ്വെല്ലിനെ ബ്ലോക്ക് ചെയ്യാന്‍ നിര്‍ബന്ധിതനാക്കിയത്രെ.
2021-ലെ ഐപിഎല്ലിന് മുന്നോടിയായി, 14.25 കോടി രൂപയ്ക്ക് ആര്‍സിബി മാക്‌സ്വെല്ലിനെ സ്വന്തമാക്കിയിരുന്നു. കോഹ്ലി, എബി ഡിവില്ലിയേഴ്സ്, മാക്‌സ്വെല്‍ എന്നിവരുടെ സാന്നിധ്യം ആര്‍സിബിയെ ഐപിഎല്ലിലെ ഏറ്റവും ശക്തമായ ബാറ്റിംഗ് യൂണിറ്റുകളില്‍ ഒന്നാക്കി മാറ്റി. ആ സീസണില്‍ മാക്‌സ്വെല്‍ 500 റണ്‍സിലധികം നേടി, ആര്‍സിബി പ്ലേഓഫിലും തുടര്‍ന്ന് മൂന്നാം സ്ഥാനത്തുമെത്തി.
എന്നാല്‍ അതിന് മുമ്പ് 2017-ലെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ മാക്‌സ്വെല്ലിന്റെ ഒരു പെരുമാറ്റം കോഹ്ലിയെ അസ്വസ്ഥനാക്കിയിരുന്നു. ഇതേതുടര്‍ന്ന് കോഹ്ലി മാക്‌സ് വെല്ലിനെ ഇന്‍സ്റ്റയില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ആ സംഭവം മാക്‌സ് വെല്‍ വിശദീകരിച്ചതിങ്ങനെ.
'ഞാന്‍ ആര്‍സിബിയിലേക്ക് പോകുമെന്ന് അറിഞ്ഞപ്പോള്‍, എനിക്ക് സന്ദേശമയച്ച് ടീമിലേക്ക് സ്വാഗതം ചെയ്ത ആദ്യ വ്യക്തി വിരാട് ആയിരുന്നു. ഐപിഎല്‍ പരിശീലന ക്യാമ്പിനായി ഞാന്‍ എത്തിയപ്പോള്‍, ഞങ്ങള്‍ വ്യക്തപരമായി സംസാരിക്കുകയും ഒരുമിച്ച് പരിശീലനം നടത്തുകയും ചെയ്തു. അതിനാല്‍ ഞാന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയില്‍ പോയി, അദ്ദേഹത്തെ ഫോളോ ചെയ്തു. പക്ഷേ എനിക്ക് അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല,' മാക്‌സ്വെല്‍ LiSTNR സ്‌പോര്‍ട്‌സ് പോഡ്കാസ്റ്റില്‍ പറഞ്ഞു.
'അദ്ദേഹം എവിടെയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു, അതിനാല്‍ ഞാന്‍ അതിനെക്കുറിച്ച് ഒന്നും ചിന്തിച്ചില്ല. ഒരുപക്ഷേ അദ്ദേഹത്തിന് ഇന്‍സ്റ്റാഗ്രാം അറിയില്ലായിരിക്കാം എന്ന് ഞാന്‍ കരുതി. സെര്‍ച്ച് ചെയ്യുമ്പോള്‍ അദ്ദേഹം എന്തുകൊണ്ട് വരുന്നില്ലെന്ന് എനിക്ക് ശരിക്കും മനസ്സിലായില്ല, അപ്പോള്‍ ആരോ പറഞ്ഞു, 'അദ്ദേഹം നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം'. അദ്ദേഹത്തെ കണ്ടെത്താന്‍ കഴിയാത്ത ഒരേയൊരു മാര്‍ഗ്ഗം അതാണ്. ഞാന്‍ ഞെട്ടിപ്പോയി.'
'ഞാന്‍ അദ്ദേഹത്തോട് നേരിട്ട് ചോദിച്ചു, 'നീ എന്നെ ഇന്‍സ്റ്റാഗ്രാമില്‍ ബ്ലോക്ക് ചെയ്‌തോ?' അദ്ദേഹം പറഞ്ഞു, 'അതെ, ആ ടെസ്റ്റ് മത്സരത്തില്‍ നീ എന്നെ കളിയാക്കിയപ്പോഴായിരുന്നു അത്. ഞാന്‍ ദേഷ്യപ്പെട്ട് നിന്നെ ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ അവന്‍ എന്നെ അണ്‍ബ്ലോക്ക് ചെയ്തു, അതിനുശേഷം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി,' മാക്‌സ്വെല്‍ കൂട്ടിച്ചേര്‍ത്തു.
2017ല്‍ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍, മാക്‌സ്വെല്‍ കോഹ്ലിയെ കളിയാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഫീല്‍ഡിംഗ് ചെയ്യുന്നതിനിടെ കോഹ്ലിക്ക് തോളില്‍ പരിക്കേറ്റു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയ ഫീല്‍ഡിംഗ് നടത്തുമ്പോള്‍, മാക്‌സ്വെല്‍ കോഹ്ലിയെ അനുകരിച്ചു. ഇതാണ് കോഹ്ലിയെ പ്രകോപിപ്പിച്ചത്. പരിക്കേറ്റതിനാല്‍ കോഹ്ലിക്ക് ധരംശാലയില്‍ നടന്ന അവസാന ടെസ്റ്റ് നഷ്ടമായിരുന്നു.