കുറ്റം സമ്മതിച്ചു, ഒടുവില്‍ കോഹ്ലിയ്ക്ക് ശിക്ഷ വിധിച്ച് ഐസിസി
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ യുവതാരം സാം കോണ്‍സ്റ്റാസിനെ തോളിലിടിച്ചതിന് വിരാട് കോഹ്ലിയ്ക്ക് ശിക്ഷ വിധിച്ച് ഐസിസി. പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ബസ് റിപ്പോര്‍ട്ട് പ്രകാരം വിരാട് കോഹ്ലിക്ക് പിഴയ്ക്ക് പുറമെ ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. മത്സര ഫീസിന്റെ 20% പിഴയായും ഒരു ഡീമെറിറ്റ് പോയിന്റുമാണ് കോഹ്ലിക്ക് ലഭിച്ചത്.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലായിരുന്നു സംഭവം. മത്സരത്തിന്റെ പത്താം ഓവറിന്റെ അവസാനം കോണ്‍സ്റ്റാസിനെ തോളില്‍ ഇടിച്ചു വീഴ്ത്താന്‍ കോഹ്ലി ശ്രമിച്ചതാണ് വിവാദമായത്. ക്രിക്കറ്റ് ഒരു സമ്പര്‍ക്ക കായിക വിനോദമല്ലെന്നും ശരീര സമ്പര്‍ക്കത്തിനെതിരെ നിയമങ്ങളുണ്ടെന്നും ഐസിസി വ്യക്തമാക്കി.
ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ (CoC) 2.12 ആര്‍ട്ടിക്കിള്‍ പ്രകാരം കളിക്കാര്‍ മനഃപൂര്‍വ്വം മറ്റൊരു കളിക്കാരനുമായി ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നത് തടഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോഹ്ലിയുടെ പ്രവൃത്തി നിയമലംഘനമാണെന്ന് മാച്ച് റഫറി ആന്‍ഡി പിക്രോഫ്റ്റ് കണ്ടെത്തി. കോഹ്ലിയും താന്‍ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തു.
കോഹ്ലിയുടെ പ്രവൃത്തിയില്‍ റിക്കി പോണ്ടിംഗ് അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. 'വിരാട് മനഃപൂര്‍വ്വം കോണ്‍സ്റ്റാസുമായി ഏറ്റുമുട്ടാന്‍ ശ്രമിച്ചു,' പോണ്ടിംഗ് പറഞ്ഞു. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും കോഹ്ലിയുടെ പ്രവൃത്തിയെ അനാവശ്യമെന്ന് വിശേഷിപ്പിച്ചു.