കോഹ്ലിയുടെ പൂഴിക്കടകന്‍, ഫോം വീണ്ടെടുക്കാന്‍ അറ്റകൈ പ്രയോഗവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം
ടെസ്റ്റ് ക്രിക്കറ്റില്‍ ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി 12 വര്‍ഷത്തിനു ശേഷം രഞ്ജി ട്രോഫിയിലേക്ക് തിരിച്ചെത്തുന്നു. ഡല്‍ഹിയ്ക്കായി റെയില്‍വേസിനെതിരെയുളള മത്സരത്തിലാണ് കോഹ്ലി പങ്കെടുക്കുക.
ഈ വര്‍ഷം ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ട് വരെയാണ് മത്സരം. 2012-നു ശേഷം ആദ്യമായാണ് കോഹ്ലി ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി കോഹ്ലി മോശം ഫോമിലൂടെയാണ് ബാറ്റ് ചെയ്യുന്നത്. ഈയടുത്ത് നടന്ന ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ നേടിയ സെഞ്ച്വറി ഉള്‍പ്പെടെ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 190 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
ഫോം വീണ്ടെടുക്കാന്‍ മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബാംഗറിന്റെ സഹായം തേടുന്ന കോഹ്ലിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് കോഹ്ലിയും ബാംഗറും തമ്മില്‍ ഒരുമിക്കുന്നത്. കോഹ്ലി എത്രത്തോളം ഫോം വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന് തെളിവായി മാറി ഈ നേട്ടം.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഫെബ്രുവരി 19-ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് കോഹ്ലിയുടെ ലക്ഷ്യം. അതിനു മുന്നോടിയായി രഞ്ജി ട്രോഫിയിലൂടെ കോഹ്ലി ആത്മവിശ്വാസം വീണ്ടെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.