ഇന്ത്യയ്ക്ക് ഉടന്‍ പുതിയ കോച്ച് വരുന്നു, നിര്‍ണ്ണായക തീരുമാനവുമായി ബിസിസിഐ
ടെസ്റ്റ് ക്രിക്കറ്റിലെ തുടര്‍ച്ചയായ പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനൊരുങ്ങുകയാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് സ്റ്റാഫില്‍ പുതിയൊരു ബാറ്റിംഗ് കോച്ചിനെ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
ഓസ്ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനുമെതിരായ പരമ്പരകളിലെ തോല്‍വികളാണ് ഈ നീക്കത്തിന് കാരണമെന്ന് ക്രിക്കറ്റ് വെബ്സൈറ്റായ ക്രക്ക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം ആദ്യം നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 1-3ന് പരാജയപ്പെട്ടിരുന്നു. പരമ്പരയിലുടനീളം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ ഗൗതം ഗംഭീറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ടീമിന്റെ പ്രകടനത്തെ ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ബൗളിംഗ് പരിശീലകന്‍ മോര്‍ണ്‍ മോര്‍ക്കല്‍, അസിസ്റ്റന്റ് പരിശീലകരായ അഭിഷേക് നായര്‍, റയാന്‍ ടെന്‍ ഡോഷേറ്റ്, ഫീല്‍ഡിംഗ് പരിശീലകന്‍ ടി ദിലീപ്, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. എന്നാല്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ തുടങ്ങിയ പ്രമുഖ ബാറ്റ്സ്മാന്‍മാരുടെ പ്രകടനത്തില്‍ കോച്ചിംഗ് സ്റ്റാഫിന്റെ പങ്ക് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
കോഹ്ലിയും ശര്‍മ്മയും തുടര്‍ച്ചയായി പുറത്താകുന്ന രീതിയിലുള്ള സാമ്യതയും ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിംഗിലെ മൊത്തത്തിലുള്ള പ്രശ്നങ്ങളുമാണ് ബിസിസിഐയെ ഈ മാറ്റത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
ജനുവരി 11 ന് മുംബൈയില്‍ നടന്ന അവലോകന യോഗത്തില്‍ കോച്ചിംഗ് വകുപ്പ് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ബാറ്റിംഗില്‍ വിദഗ്ധ പരിശീലകനെ നിയമിക്കണമെന്ന ശക്തമായ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നതായാണ് റിപ്പോര്‍ട്ട്.
ഈ മാസം അവസാനം ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളോടെയാണ് ഇന്ത്യ വീണ്ടും മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. ഫെബ്രുവരി-മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയും ഏകദിന ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.