വിരമിക്കുന്നതിന് മുന്നേ നാടകീയ രംഗങ്ങള്‍, കരഞ്ഞ് കെട്ടിപ്പിടിച്ച് അശ്വിനും കോഹ്ലിയും
ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ആര്‍ അശ്വിനെ സഹതാരം വിരാട് കോഹ്ലി യാത്രയാക്കുന്ന കാഴ്ച്ച ആരുടേയും കണ്ണ നിറയിക്കുന്നതാണ്. വിരമിക്കല്‍ പ്രഖ്യാപനം പരസ്യമാക്കുന്നതിന് തൊട്ടുമുമ്പ് രവിചന്ദ്രന്‍ അശ്വിനും വിരാട് കോഹ്ലിയും പരസ്പരം ആശ്ലേഷിച്ചു നില്‍ക്കുന്ന വികാരനിര്‍ഭരമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗാബയില്‍ മഴ മാറുന്നതുവരെ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ കാത്തിരിക്കുമ്പോഴാണ് ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചത്.
ഇതോടെ വിലയ എന്തോ വരാനിരിക്കുന്നു എന്ന റൂമര്‍ ക്രിക്കറ്റ് ലോകത്ത് പടര്‍ന്നു. ഈ ദൃശ്യങ്ങള്‍ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ് കാസ്റ്റര്‍മാര്‍ പുറത്തുവിട്ടതോടെ അശ്വിന്‍ വിരമിക്കുമെന്ന് സുനില്‍ ഗാവസ്‌കര്‍, മാത്യു ഹെയ്ഡന്‍, മാര്‍ക്ക് നിക്കോളാസ് എന്നിവര്‍ പ്രവചിച്ചു. പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ അശ്വിന്‍ താന്‍ വിരമിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഗാബ ടെസ്റ്റില്‍ അശ്വിന്‍ ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ ഇടം നേടിയിരുന്നില്ല. പെര്‍ത്ത് ടെസ്റ്റിലും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍ അഡ്ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അശ്വിന്‍ കളിച്ചിരുന്നു.
106 ടെസ്റ്റുകളില്‍ നിന്ന് 537 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ബൗളറാണ്. എന്നാല്‍ ഏഷ്യക്ക് പുറത്ത് ഇന്ത്യ ഒരു സ്പിന്നറെ മാത്രം തിരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും അശ്വിന്‍ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ തോല്‍വിക്ക് ശേഷം കോഹ്ലി, അശ്വിന്‍, ജഡേജ, രോഹിത് ശര്‍മ്മ എന്നിവരുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ തുടരുന്നു. ഡിസംബര്‍ 26 ന് മെല്‍ബണിലും ജനുവരി 3 ന് സിഡ്നിയിലുമാണ് അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍.