ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് കോഹ്ലി, എന്നിട്ടും ഓസീസില്‍ ചെയ്തത് കണ്ട് ഞെട്ടിപ്പോയി, തുറന്ന് പറഞ്ഞ് ദാദ
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ കളിക്കാരനെന്ന് വിശേഷിപ്പ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി രംഗത്ത്. എന്നാല്‍ അടുത്തിടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ കോഹ്ലിയുടെ മോശം പ്രകടനം തന്നെ അല്‍പ്പം ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'വിരാട് കോഹ്ലി പുരുഷ ക്രിക്കറ്റിലെ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന താരമാണ്. ഒരു കരിയറില്‍ 80 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടുക എന്നത് അവിശ്വസനീയമായ ഒന്നാണ്. എനിക്ക്, അദ്ദേഹം ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച വൈറ്റ് ബോള്‍ കളിക്കാരനാണ്,' ഗാംഗുലി പറഞ്ഞു.
'പക്ഷേ പെര്‍ത്തില്‍ സെഞ്ച്വറി നേടിയ ശേഷം അദ്ദേഹം ബാറ്റ് ചെയ്ത രീതി എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ആ വര്‍ഷത്തിന് മുമ്പ് അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു, പക്ഷേ പെര്‍ത്തിലെ സെഞ്ച്വറിക്ക് ശേഷം അത് അദ്ദേഹത്തിന് ഒരു വലിയ പരമ്പരയായിരിക്കുമെന്ന് ഞാന്‍ കരുതി' ഗാംഗുലി പറഞ്ഞു.
'എല്ലാ കളിക്കാര്‍ക്കും അവരുടെ ബലഹീനതകളും ശക്തിയും ഉണ്ട്. ലോകത്ത് അങ്ങനെ ഇല്ലാത്ത ഒരു കളിക്കാരനുമില്ല. കാലക്രമേണ മികച്ച ബൗളര്‍മാരെ നേരിടുമ്പോള്‍ നിങ്ങളുടെ ബലഹീനതകളുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വിരാട് കോഹ്ലിയില്‍ ഇനിയും ധാരാളം ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ഇംഗ്ലണ്ട് പര്യടനം അദ്ദേഹത്തിന് ഒരു വലിയ വെല്ലുവിളിയായിരിക്കും. ചാമ്പ്യന്‍സ് ട്രോഫിയിലെ അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് ഞാന്‍ അധികം ആശങ്കപ്പെടുന്നില്ല' ഗാംഗുലി പറഞ്ഞു.
'ഞാന്‍ നേരത്തേയും പറഞ്ഞിട്ടുളളത് പോലെ, അദ്ദേഹം ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച വൈറ്റ് ബോള്‍ കളിക്കാരനാണ്. ആ സാഹചര്യങ്ങളില്‍ അദ്ദേഹംറണ്‍സ് നേടും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീട സാധ്യതയുളള ടീമുകളില്‍ ഒന്നാണെന്ന് ഞാന്‍ കരുതുന്നു' ഗാംഗുലി പറഞ്ഞ് നിര്‍ത്തി.