കോഹ്ലി പാകിസ്ഥാനില്‍ കളിക്കാന്‍ ശ്രമിക്കുന്നു, വമ്പന്‍ വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം
2025 ചാമ്പ്യന്‍സ് ട്രോഫി വേദിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുകയാണ. പാകിസ്ഥാനില്‍ തന്നെയാണോ ടൂര്‍ണമെന്റ് നടക്കുക, അതോ ഹൈബ്രിഡ് മോഡല്‍ പിന്തുടരുകയോ പാകിസ്ഥാനു പുറത്തേക്ക് മാറ്റുകയോ ചെയ്യുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് ബിസിസിഐ ഐസിസിയെ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഹൈബ്രിഡ് മോഡല്‍ അംഗീകരിക്കാനാവില്ലെന്ന് പിസിബിയും നിലപാടെടുത്തു.
ഈ വിഷയത്തില്‍ പാകിസ്ഥാന്‍ മുന്‍ താരം ഷൊയിബ് അക്തര്‍ പ്രതികരിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഉണ്ടാകുമെന്നും അവസാന നിമിഷം വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രഹസ്യ ചര്‍ച്ചകള്‍ നടക്കും. യുദ്ധകാലത്തു പോലും രഹസ്യ ചര്‍ച്ചകള്‍ നടക്കാറുണ്ട്. നമ്മള്‍ പ്രതീക്ഷ കൈവിടരുത്. ഒരു പരിഹാരത്തിനായി നാം നോക്കണം. ഐസിസിയുടെ സ്‌പോണ്‍സര്‍ഷിപ്പിന്റെ 95-96 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നത് ഒരു വസ്തുതയാണ്' ഷൊയിബ് അക്തര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
'ഇത് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരുകളുടെ കാര്യമാണ്. ബിസിസിഐയുമായി ഇതിന് യാതൊരു ബന്ധവുമില്ല. വിരാട് കോഹ്ലി ആദ്യമായി പാകിസ്ഥാനില്‍ കളിക്കാന്‍ ശ്രമിക്കുകയാണ്. വിരാട് പാകിസ്ഥാനില്‍ കളിക്കുന്നത് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം പാകിസ്ഥാനില്‍ ഒരു സെഞ്ച്വറി നേടുന്നത് സങ്കല്‍പ്പിക്കുക. അത് അദ്ദേഹത്തിന് ഒരു പൂര്‍ണ്ണ വൃത്തമായിരിക്കും' അക്തര്‍ പറഞ്ഞു.
'ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്ക് പാകിസ്ഥാന് ആതിഥേയത്വം വഹിക്കാനാവില്ല എന്നൊരു ധാരണ പാകിസ്ഥാനുണ്ട്. ഇത് (ചാമ്പ്യന്‍സ് ട്രോഫി) സംഭവിച്ചാല്‍ അത് വലിയ ഇവന്റുകള്‍ക്കുള്ള ഒരു ചവിട്ടുപടിയായിരിക്കും. ഇത് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അവസാന നിമിഷം വരെ കാത്തിരിക്കുക. ഇപ്പോള്‍, ഇന്ത്യ പാകിസ്ഥാനിലേക്ക് വരുമെന്ന് ഞാന്‍ കരുതുന്നു' അക്തര്‍ പറഞ്ഞു നിര്‍ത്തി.
ഐസിസി ഈ ആഴ്ച അവസാനത്തോടെ ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തി ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കാനാണ് ഐസിസിയുടെ ശ്രമം.