കോഹ്ലിയ്ക്ക് ക്യാപ്റ്റന്‍സി വാഗ്ദാനം ചെയ്തു, പിന്നെ അപമാനിച്ചു, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള അപ്രതീക്ഷിതമായ വിരമിക്കലിന് പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ കോഹ്ലിക്ക് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം തിരികെ ലഭിക്കുമെന്ന സൂചന നല്‍കിയിരുന്നെന്നും, എന്നാല്‍ പിന്നീട് ടീം മാനേജ്മെന്റിന്റെ നിലപാട് മാറിയതാണ് കോഹ്ലിയെ പ്രകോപിച്ചതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2024 ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ കളിക്കുമ്പോള്‍ അഡ്ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റിലെ തോല്‍വിക്ക് ശേഷം കോഹ്ലിയുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് അദ്ദേഹത്തിന് ക്യാപ്റ്റന്‍സി തിരികെ ലഭിക്കുമെന്ന സൂചന ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇന്ത്യ പരമ്പര തോറ്റതോടെ ടീം മാനേജ്മെന്റ് യുവനായകനെ തേടാന്‍ തുടങ്ങിയെന്ന് സ്‌പോര്‍ട്‌സ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, കോഹ്ലിക്ക് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരിയില്‍ ഡല്‍ഹിക്കുവേണ്ടി രഞ്ജി ട്രോഫി മത്സരം കളിച്ചത്. എന്നാല്‍ ഏപ്രിലില്‍ കോഹ്ലിയോട് ടീമില്‍ ഒരു കളിക്കാരനായി മാത്രമേ പരിഗണിക്കൂ എന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് താരം വിരമിക്കാനുള്ള കടുത്ത തീരുമാനമെടുത്തതെന്നാണ് സൂചന.
മുന്‍ ഇന്ത്യന്‍ സെലക്ടറും ഡല്‍ഹി ടീം പരിശീലകനുമായ സരണ്‍ദീപ് സിംഗിന്റെ വെളിപ്പെടുത്തലുകള്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നു. കോഹ്ലിയുടെ വിരമിക്കലിനെക്കുറിച്ച് തനിക്ക് യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നും, ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ചും ഇന്ത്യ 'എ' മത്സരങ്ങളില്‍ കളിക്കുന്നതിനെക്കുറിച്ചുമാണ് താന്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഹ്ലി മികച്ച ഫോമിലായിരുന്നെന്നും ഇംഗ്ലണ്ടില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടാന്‍ ആഗ്രഹിച്ചിരുന്നുവെന്നും സരണ്‍ദീപ് സിംഗ് കൂട്ടിച്ചേര്‍ത്തു.
ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, കോഹ്ലിയുടെ വിരമിക്കലിന് പിന്നില്‍ ടീം മാനേജ്മെന്റിന്റെ ചില തന്ത്രപരമായ തീരുമാനങ്ങളും വാഗ്ദാനലംഘനവും ഉണ്ടായിട്ടുണ്ടെന്ന് കരുതേണ്ടിവരും. എന്തായാലും, ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ താരത്തിന്റെ ഈ അപ്രതീക്ഷിതമായ പിന്മാറ്റം ക്രിക്കറ്റ് ലോകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.