'ഈ പ്രായത്തിലും എന്നാ ഒരു ഇതാ', വിരാടിന്റെ ഈ മനോഭാവമാണ് ഞങ്ങളുടെ നഷ്ടം; ഓസീസ് മാധ്യമങ്ങൾ
വിരാട് കോഹ്ലിയുടെ ആക്രമണോത്സുകത അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും ക്രിക്കറ്റ് ശൈലിയുടെയും ഒരു പ്രധാന ഭാഗമാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായും, ക്യാപ്റ്റനായും വിജയിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. റൺസിനോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത വിശപ്പും, ഫീൽഡിലെ ആക്രമണോത്സുക സ്വഭാവവും അദ്ദേഹത്തെ മെരുക്കാനാവാത്ത ശക്തിയായി മാറ്റുന്നു.
പ്രായം കൂടുന്നതിനനുസരിച്ചും, വിവാഹവും പിതൃത്വവും അനുഭവിച്ചതിനുശേഷവും വിരാട് ശാന്തനായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ടെങ്കിലും, ആക്രമണോത്സുകത ഇപ്പോഴും അദ്ദേഹത്തിലുണ്ട്. പെർത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ജസ്പ്രീത് ബുംറ ട്രാവിസ് ഹെഡിനെ പുറത്താക്കിയപ്പോൾ അത് വ്യക്തമായി.
കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് ഫൈനലിൽ 137 റൺസ് നേടി ഇന്ത്യയ്ക്ക് കിരീടം നിഷേധിച്ചത് ഹെഡാണ്. അതിനാൽ ഹെഡിന്റെ വിക്കറ്റിന് ഇന്ത്യക്കാർക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ട ഒരു വീഡിയോയിൽ, ഫോക്സ് സ്പോർട്സിന്റെ ഒരു പാനൽ നിലവിലുള്ള ബോർഡർ-ഗാവസ്കർ ട്രോഫിയിലെ വിരാട് കോഹ്ലിയുടെ ആക്രമണോത്സുകതയെക്കുറിച്ച് ചർച്ച ചെയ്യുന്നത് കാണാം.
"വിരാട് കോഹ്ലി സെഞ്ച്വറി നേടുന്നതിന് മുമ്പ് ഫോം ഔട്ട് ആയിരുന്നു. ട്രാവിസ് ഹെഡ് പുറത്താകുന്നതിന് മുമ്പ് തന്നെ കളി ഇന്ത്യയുടെ കയ്യിലുമായിരുന്നു. പക്ഷേ എങ്കിലും ബുംറയും വിരാട് കോഹ്ലിയും ആഘോഷിച്ച രീതി ആ വിക്കറ്റിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു"
തുടർന്ന് ഹെഡിന്റെ പുറത്താകൽ സ്ക്രീനിൽ കാണിക്കുന്നു, ബുംറയും കോഹ്ലിയും വളരെ അഗ്രസീവായി തന്നെ വിക്കറ്റ് ആഘോഷിക്കുന്നതും കാണാം.
"ആ വിക്കറ്റ് അവർക്ക് എത്രത്തോളം പ്രീയപ്പെട്ടതാണെന്ന് ഇത് കാണിക്കുന്നു, ഓസ്ട്രേലിയക്കാർക്ക് നഷ്ടമായത് ഈ അഗ്രഷൻ ആണെന്ന് ഞാൻ കരുതുന്നു" ഒരു പാനലിസ്റ്റ് പറയുന്നു.
"അതെ, കോഹ്ലിയുടെ സെഞ്ച്വറിയിൽ എനിക്ക് എന്താണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് അറിയാമോ? ബാറ്റ് ചെയ്യാൻ കാത്തിരുന്ന് ഒരു ദിവസം മുഴുവൻ പാഡുകൾ ധരിച്ച് അദ്ദേഹം അവിടെ ഇരുന്നു. ഫോം ഔട്ട് ആയിരുന്നു, ആശങ്കകൾ നിരവധിയായിരുന്നു. അദ്ദേഹത്തിന് ഇവിടെ റൺസ് നേടാൻ കഴിയില്ലെന്ന് ഞാൻ കരുതി. എന്റെ ചില സുഹൃത്തുക്കൾ, ചില പത്രപ്രവർത്തകർ ഇന്ന് രാവിലെ ഒരു കോഫി ഷോപ്പിൽ അദ്ദേഹത്തെ കണ്ടു. അദ്ദേഹം തന്റെ കുടുംബത്തെയും കൊണ്ടുവന്നിരുന്നു. അദ്ദേഹം വളരെ ലളിതനാണ്, അദ്ദേഹം പക്വത പ്രാപിച്ചിരിക്കുന്നു. ആദ്യമായി ഓസ്‌ട്രേലിയയിൽ വന്ന കോഹ്ലി ഇങ്ങനെ ആയിരുന്നില്ല. പക്ഷെ, ഒരു ആരാധകൻ എന്ന നിലയിൽ ആ അഗ്രെഷൻ പലപ്പോഴും മിസ് ചെയ്യുന്നുണ്ട്." മറ്റൊരു പാനലിസ്റ്റ് കൂട്ടിച്ചേർത്തു.
വർഷങ്ങളായി, കോഹ്ലി പക്വത പ്രാപിക്കുകയും തന്റെ ആക്രമണോത്സുകത കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ പഠിക്കുകയും ചെയ്തു. നിയന്ത്രിത ആക്രമണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഏകാഗ്രത നഷ്ടപ്പെടാതെ ഹൈ പ്രെഷർ നിമിഷങ്ങളിൽ ടീമിനായി വിജയിക്കാൻ അദ്ദേഹത്തെ അനുവദിക്കുന്നു.
സാക്ഷാൽ സൗരവ് ഗാംഗുലിക്ക് ശേഷം ഫീൽഡിൽ വിരാടിന്റെ ആക്രമണാത്മക മനോഭാവമാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ സമീപനത്തെ പുനർനിർവചിച്ചത്. പരമ്പരാഗതമായി "നല്ല വ്യക്തി" ഇമേജ് ഒഴിവാക്കാനും ലോകമെമ്പാടും ബഹുമാനം നേടുന്ന ഒരു കഠിനമായ മത്സരാധിഷ്ഠിത വ്യക്തിത്വം സ്ഥാപിക്കാനും ഇത് അദ്ദേഹത്തെ സഹായിച്ചു. തികഞ്ഞ ആക്രമണോത്സുകതയും, അതുല്യമായ സ്ഥിരതയും ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി അദ്ദേഹത്തിന്റെ നിലനിർത്തുന്നു.