ബാറ്റിങ്ങിലും, ഫീൽഡിലും വീണ് കോഹ്ലി; മറക്കാനാഗ്രഹിക്കുന്ന ദിനത്തിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ രാജാവ്
ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ ഫോമിലെ തുടർച്ചയായ ഇടിവ് ടീം ഇന്ത്യയ്ക്ക് വളരുന്ന ആശങ്കയായി തുടരുന്നു. പ്രത്യേകിച്ച് ന്യൂസിലാൻഡിനെതിരായ സമീപകാല ഹോം പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം, ഓസ്ട്രേലിയയിലെ മികച്ച റെക്കോർഡ് കണക്കിലെടുത്ത് പെർത്തിലെ ഇന്ത്യ vs ഓസ്ട്രേലിയ ആദ്യ ടെസ്റ്റിൽ കോഹ്‌ലിയിൽ പ്രതീക്ഷകൾ ഉയർന്നിരുന്നു. എന്നിരുന്നാലും, മറ്റൊരു മോശം പ്രകടനത്തിലൂടെ ടീമിനെയും ആരാധകരെയും സൂപ്പർതാരം നിരാശരാക്കി.
പെർത്ത് ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു, ആദ്യ വിക്കറ്റുകൾക്ക് ശേഷം കോഹ്ലി ക്രീസിലെത്തിയപ്പോൾ ഏവരും ഒരു വലിയ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് ടെലിവിഷൻ സ്‌ക്രീനിന് മുന്നിലെത്തിയത്. പക്ഷെ, ജോഷ് ഹേസൽവുഡിന്റെ പന്തിൽ ഉസ്മാൻ ഖവാജയ്ക്ക് ക്യാച്ച് നൽകി പുറത്താകുന്നതിന് മുമ്പ് വിരാട് കോഹ്‌ലിക്ക് 12 പന്തിൽ നിന്ന് 5 റൺസ് മാത്രമേ നേടാനായുള്ളൂ.
ഇന്ത്യയുടെ ബൗളിംഗിനിടെ ഒരു എളുപ്പമുള്ള ക്യാച്ച് നഷ്ടപ്പെടുത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ജസ്പ്രീത് ബുംറയുടെ പന്തിൽ മാർനസ് ലബുഷെയ്‌നിന്റെ എഡ്ജ് പിടിക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞില്ല, ഓസ്ട്രേലിയൻ ടെസ്റ്റ് സ്പെഷ്യലിസ്റ്റിനെ പുറത്താക്കാനുള്ള ഒരു വലിയ അവസരം കോഹ്ലി നഷ്ടപ്പെടുത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ കോഹ്ലി വിരമിക്കാൻ സമയമായി എന്ന് പോലും മുറവിളികൾ ഉയർന്നു.
നാണക്കേടിന്റെ റെക്കോർഡ്
ആശ്ചര്യകരമെന്നു പറയട്ടെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ഇന്ത്യൻ കളിക്കാരൻ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതിന്റെ റെക്കോർഡ് ഇതോടെ വിരാട് കോഹ്‌ലിയുടെ പേരിലാണ്. 2019 മുതൽ, മുൻ ക്യാപ്റ്റൻ 47 അവസരങ്ങൾ നഷ്ടപ്പെടുത്തി. 21 ഡ്രോപ്പുകൾ വീതമുള്ള രോഹിത് ശർമ്മയും കെഎൽ രാഹുലും അദ്ദേഹത്തിന് തൊട്ടു പിന്നിലുണ്ട്, 20 ഡ്രോപ്പുകളുമായി മുഹമ്മദ് സിറാജാണ് അടുത്താണ്.
ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഇന്ത്യയുടെ ശ്രദ്ധേയമായ തിരിച്ചുവരവിന് നേതൃത്വം നൽകുന്നു
ഇന്ത്യ 150 റൺസിന് പുറത്തായതിന് ശേഷം, ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ മികച്ച സ്പെൽ ആതിഥേയരായ ഓസ്ട്രേലിയയെ 67/7 എന്ന നിലയിൽ പരുങ്ങലിലാക്കിയിരിക്കുകയാണ്. ഒന്നാം ദിനത്തിലെ നിരാശാജനകമായ ബാറ്റിംഗ് പ്രകടനത്തിന് ശേഷം ശക്തമായി തിരിച്ചുവരാൻ സന്ദർശകരെ സഹായിച്ചത് ഭുമ്രയുടെ തീപാറുന്ന ബൗളിംഗാണ്.
പെർത്ത് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ആകെ 17 വിക്കറ്റുകൾ വീണു, ഏഴ് പതിറ്റാണ്ടുകളായി ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ആദ്യമായാണ് ഇത്രയധികം വിക്കറ്റുകൾ ആദ്യദിനത്തിൽ വീഴുന്നത്.