ഉദ്ഘാടന ഐപിഎല്‍ മത്സരത്തിന് വമ്പന്‍ തിരിച്ചടി, റദ്ദാക്കപ്പെട്ടേയ്ക്കാം
ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) 18ാം പതിപ്പിന് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകുകയാണ്്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
വൈകിട്ട് 7.30ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ തത്സമയ സംപ്രേഷണവും ജിയോ സിനിമയില്‍ തത്സമയ സ്ട്രീമിംഗും ഉണ്ടായിരിക്കും.
കാലാവസ്ഥ വില്ലനാകുമോ?
കൊല്‍ക്കത്തയില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനം ക്രിക്കറ്റ് ആരാധകരെ നിരാശയിലാക്കുന്നു. കൊല്‍ക്കത്തക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മത്സരത്തെ ബാധിച്ചേക്കുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍.
ടീമുകള്‍ അഴിച്ചുപണിതപ്പോള്‍…
ഐ.പി.എല്ലിന്റെ പതിനെട്ടാം സീസണില്‍ ടീമുകളില്‍ കാര്യമായ മാറ്റങ്ങളുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് പുതിയ നായകന്മാരെ ലഭിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പാറ്റ് കമ്മിന്‍സ് മാത്രമാണ് ഈ സീസണിലെ ഏക വിദേശ നായകന്‍.
13 വേദികളില്‍ ഉദ്ഘാടനച്ചടങ്ങുകള്‍
ഈ സീസണില്‍ 13 വേദികളിലും ഉദ്ഘാടനച്ചടങ്ങുകള്‍ നടത്താനാണ് ബി.സി.സി.ഐയുടെ തീരുമാനം. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടും. ആറാം കിരീടം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സും കിരീടം നേടാനുള്ള തീവ്രശ്രമത്തിലാണ്.
അതേസമയം, കന്നി കിരീടം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളും കളത്തിലിറങ്ങുന്നു. ആദ്യ സീസണില്‍ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഒരുങ്ങുകയാണ്. മെയ് 25ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനല്‍ മത്സരം.