പണക്കൊതി മൂത്തു, ക്യാപ്റ്റനെ കൊല്‍ക്കത്ത പുറത്താക്കാനുളള കാരണമിത്
ഇന്ത്യന്‍ താരം ശ്രേയസ് അയ്യരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വഴിപിരിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി ടീം സിഇഒ വെങ്കി മൈസൂര്‍. ഐപിഎല്‍ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനെ ടീം കൈവിട്ടു എന്ന തരത്തിലായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍. എന്നാല്‍ ശ്രേയസ് അയ്യര്‍ സ്വയം പോകാന്‍ തീരുമാനിച്ചതായിരുന്നുവെന്ന് വെങ്കി മൈസൂര്‍ വ്യക്തമാക്കി.
പ്രതിഫലം സംബന്ധിച്ച തര്‍ക്കമായിരുന്നു വേര്‍പിരിയലിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രേയസ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കൊല്‍ക്കത്തയ്ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
'ശ്രേയസിനെ നിലനിര്‍ത്തുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട അംഗമായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഒരുമിച്ച് ഏറെ നല്ല സമയം ചെലവഴിച്ചു. എന്നാല്‍ ഒടുവില്‍, ഓരോരുത്തരും സ്വന്തം തീരുമാനങ്ങള്‍ എടുക്കുകയും അവര്‍ക്ക് ഏറ്റവും നല്ലതായി തോന്നുന്നതിന് പിന്നാലെ പോകുകയും ചെയ്യുന്നു,' വെങ്കി മൈസൂര്‍ പറഞ്ഞു.
ശ്രേയസ് 30 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവിലെ ഫോമും പ്രകടനവും വിലയിരുത്തുമ്പോള്‍ ശ്രേയസിന് 30 കോടി ലഭിക്കാന്‍ സാധ്യതയില്ലെന്നും 12 കോടിയില്‍ കൂടുതല്‍ ലഭിക്കില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
2022-ല്‍ 12.25 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ശ്രേയസിനെ സ്വന്തമാക്കിയത്. ആ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നീട് പരിക്കും ഫോം ഇടിവും ശ്രേയസിനെ ബാധിച്ചു. കഴിഞ്ഞ സീസണിലെ ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാതിരുന്നതിനെ തുടര്‍ന്ന് ശ്രേയസിനെ ബിസിസിഐ സെന്‍ട്രല്‍ കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
പുതിയ ക്യാപ്റ്റനെ അന്വേഷിക്കുന്ന പഞ്ചാബ് കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ടീമുകള്‍ ശ്രേയസില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചേക്കാം. അങ്ങനെയെങ്കില്‍ താരത്തിന് പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പ്രതിഫലം ലഭിച്ചേക്കും.