300 അടിക്കാനെത്തി, ഇപ്പോ അടപടലം പൊട്ടി, സണ്‍റൈസസിനെ നാണംകെടുത്തി കൊല്‍ക്കത്ത
ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. സണ്‍റൈസസ് ഹൈദരാബാദിനെതിരെ 80 റണ്‍സിന്റെ ആധികാരിക ജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് 20 ഓവറില്‍ 120 റണ്‍സ് മാത്രമാണ് നേടാനായത്.
ഹൈദരാബാദിന്റെ നിരയില്‍ ഹെന്റിച്ച് ക്ലാസനും കാമിന്‍ഡു മെന്‍ഡിസും മാത്രമാണ് ഭേദപ്പെട്ട രീതിയില്‍ ബാറ്റുവീശിയത്. ക്ലാസന്‍ 21 പന്തില്‍ 33 റണ്‍സ് നേടി പുറത്തായപ്പോള്‍, മെന്‍ഡിസ് 25 പന്തില്‍ 27 റണ്‍സെടുത്തു. വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയുമാണ് ഹൈദരാബാദിനെ തകര്‍ത്തത്. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം നേടി ഹൈദരാബാദിന്റെ നടുവൊടിച്ചു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി വെങ്കടേഷ് അയ്യര്‍ തകര്‍ത്തടിച്ചു. 29 പന്തില്‍ 60 റണ്‍സാണ് വെങ്കടേഷ് അയ്യര്‍ അടിച്ചുകൂട്ടിയത്. 7 ഫോറും 3 സിക്‌സും അടങ്ങുന്ന ഇന്നിംഗ്‌സാണ് വെങ്കടേഷ് പുറത്തെടുത്തത്. 17 പന്തില്‍ 32 റണ്‍സുമായി റിങ്കു സിംഗ് മികച്ച പിന്തുണ നല്‍കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കം തന്നെ പിഴച്ചു. രണ്ടാം ഓവറില്‍ ഡീ കോക്കിന്റെയും മൂന്നാം ഓവറില്‍ സുനില്‍ നരെയ്നിന്റെയും വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടപ്പെട്ടു. എന്നാല്‍, മൂന്നാമനായി ഇറങ്ങിയ അജിങ്ക്യ രഹാനെയും അങ്ക്രഷ് രഘുവംശിയും ചേര്‍ന്ന് കൊല്‍ക്കത്തയെ പടുത്തുയര്‍ത്തി. രഹാനെ 38 റണ്‍സ് നേടി പുറത്തായപ്പോള്‍, അങ്ക്രഷ് രഘുവംശി 50 റണ്‍സ് നേടി ടീമിന് അടിത്തറയിട്ടു.
ഹൈദരാബാദിന് വേണ്ടി മുഹമ്മദ് ഷാമി, പാറ്റ് കമ്മിന്‍സ്, സീഷന്‍ അന്‍സാരി, കാമിന്‍ഡു മെന്‍ഡിസ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.