വീണ്ടും ഇര്‍ഫാന്റെ ഹീറോയിസം, അവിശ്വസനീയ ജയവുമായി സൂര്യാസ് ഫൈനലില്‍
ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കൊണാര്‍ക്ക് സൂര്യാസ് ഫൈനലിലെത്തി. രണ്ടാം ക്വാളിഫയറില്‍ ടോയാം ഹൈദരാബാദിനെ ഒരു റണ്‍സിന് പരാജയപ്പെടുത്തിയാണ് സൂര്യാസ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ മികച്ച പ്രകടനമാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
ആദ്യം ബാറ്റ് ചെയ്ത സൂര്യാസ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി. കെവിന്‍ ഒബ്രീന്‍ (50), ഇര്‍ഫാന്‍ പത്താന്‍ (49) എന്നിവരാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ റിക്കി ക്ലാര്‍ക്ക് (67) മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഹൈദരാബാദിന് വിജയലക്ഷ്യത്തിലെത്താനായില്ല.
ഇര്‍ഫാന്‍ പത്താന്‍ എറിഞ്ഞ അവസാന ഓവറിലാണ് മത്സരത്തിന്റെ വിധി നിശ്ചയിച്ചത്. 12 റണ്‍സ് വിജയത്തിന് വേണ്ടിയിരുന്ന ഹൈദരാബാദ് അവസാന പന്തില്‍ രണ്ട് റണ്‍സ് നേടേണ്ടിയിരുന്നപ്പോള്‍ ഇര്‍ഫാന്‍ പത്താന്‍ വിക്കറ്റ് വീഴ്ത്തി വിജയം ഉറപ്പിച്ചു.
ഇന്ന് നടക്കുന്ന ഫൈനലില്‍ സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സാണ് കൊണാര്‍ക്ക് സൂര്യാസിന്റെ എതിരാളികള്‍. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലാണ് മത്സരം.