For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

പ്രെറ്റോറിയസ് ഞെട്ടിക്കുന്നു, ദക്ഷിണാഫ്രിക്കയുടെ അത്ഭുത ബാലന്‍ അമ്പരപ്പിക്കുന്നു

06:33 PM Jan 16, 2025 IST | Fahad Abdul Khader
UpdateAt: 06:33 PM Jan 16, 2025 IST
പ്രെറ്റോറിയസ് ഞെട്ടിക്കുന്നു  ദക്ഷിണാഫ്രിക്കയുടെ അത്ഭുത ബാലന്‍ അമ്പരപ്പിക്കുന്നു

എസ്എ20യില്‍ എംഐ കേപ് ടൗണിനെതിരെ പാള്‍ റോയല്‍സ് നേടിയ മിന്നും വിജയത്തില്‍ യുവതാരം ലുവാന്‍-ഡ്രെ പ്രെറ്റോറിയസ് വീണ്ടും തിളങ്ങി. ബോളണ്ട് പാര്‍ക്കില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ 52 പന്തില്‍ നിന്ന് 83 റണ്‍സാണ് പ്രെറ്റോറിയസ് നേടിയത്. മൂന്ന് സിക്‌സറുകളും 8 ബൗണ്ടറികളും ഉള്‍പ്പെടെയായിരുന്നു പ്രെറ്റോറിയസിന്റെ ഇന്നിംഗ്‌സ്. ഇതോടെ പ്രെറ്റോറിയസിനെ ദക്ഷിണാഫ്രിക്കയുടെ ഭാവി വാഗ്ദാനമായി പലരും വിലയിരുത്തി കഴിഞ്ഞു.

നേരത്തെ ഈ വേദിയില്‍ തന്നെയായിരുന്നു പ്രെറ്റോറിയസ് തന്റെ അരങ്ങേറ്റ മത്സരത്തില്‍ 97 റണ്‍സ് നേടിയത്. 18 വയസ്സ് മാത്രം പ്രായമുള്ള പ്രെറ്റോറിയസ് ഇതിനകം തന്നെ റോയല്‍സ് ആരാധകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്.

Advertisement

158/4 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന റോയല്‍സിന്, രണ്ട് തവണ ക്യാച്ച് വിട്ടിട്ടും പ്രെറ്റോറിയസിന്റെ മികച്ച പ്രകടനമാണ് വിജയം സമ്മാനിച്ചത്. ന്യൂലാന്‍ഡ്സില്‍ നേരിട്ട തോല്‍വിക്ക് പകരം വീട്ടാനും റോയല്‍സിന് കഴിഞ്ഞു.

ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ പ്രെറ്റോറിയസ് മികച്ച ഷോട്ടുകളാണ് കളിച്ചത്. പ്രത്യേകിച്ച് ഇടംകൈയ്യന്‍ സ്പിന്നര്‍ ജോര്‍ജ്ജ് ലിന്‍ഡെയെ അദ്ദേഹം ലെഗ് സൈഡിലൂടെ നിരവധി തവണ ബൗണ്ടറി കടത്തി. എംഐ കേപ് ടൗണ്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ മികച്ച ഫീല്‍ഡിംഗിലൂടെയാണ് പ്രെറ്റോറിയസ് പുറത്തായത്.

Advertisement

എന്നാല്‍ അപ്പോഴേക്കും പ്രെറ്റോറിയസ് റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റു ചെയ്ത എംഐ കേപ് ടൗണിനായി റാസി വാന്‍ ഡെര്‍ ഡ്യൂസന്‍ 64 പന്തില്‍ നിന്ന് 91 റണ്‍സ് നേടി. റീസ ഹെന്‍ഡ്രിക്‌സ് 30 റണ്‍സ് നേടി. റോയല്‍സിന്റെ മിസ്റ്ററി സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനാണ് ഹെന്‍ഡ്രിക്‌സിനെ പുറത്താക്കിയത്.

Advertisement

മുജീബ് (2/27), ശ്രീലങ്കന്‍ താരം ദുനിത് വെല്ലലാഗെ (0/17), ജോ റൂട്ട് (1/24) എന്നിവര്‍ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചു. ഈ വിജയത്തോടെ പാള്‍ റോയല്‍സ് ജോബര്‍ഗ് സൂപ്പര്‍ കിംഗ്‌സിനൊപ്പം 8 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 9 പോയിന്റുമായി എംഐ കേപ് ടൗണ്‍ ഒന്നാം സ്ഥാനത്താണ്.

Advertisement