ഇന്ത്യന്‍ ടീമിനെ നശിപ്പിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ സംസ്‌കാരം, തുറന്നടിച്ച് ഇന്ത്യന്‍ താരം
സിഡ്‌നിയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സീനിയര്‍ താരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 3-1 എന്ന നിലയില്‍ പരമ്പര പരാജയപ്പെട്ടതോടെ വിരാട് കോലി, രോഹിത് ശര്‍മ്മ എന്നീ താരങ്ങളുടെ ഭാവി സംബന്ധിച്ച് ചൂടന്‍ ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്.
രണ്ടാം കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്ന് ആദ്യ ടെസ്റ്റ് നഷ്ടമായ രോഹിത് ശര്‍മ്മ മൂന്ന് മത്സരങ്ങളില്‍ നിന്ന് 31 റണ്‍സ് മാത്രമാണ് നേടിയത്. കോലി ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായതോടെ ടീമിന്റെ ഭാവി സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നു.
'ഇന്ത്യന്‍ ക്രിക്കറ്റിന് സ്വയം വിലയിരുത്തേണ്ട സമയമാണിത്. സ്റ്റാര്‍ സംസ്‌കാരത്തിന് അന്ത്യം കുറിക്കണം. ഇന്ത്യന്‍ ക്രിക്കറ്റിന് പൂര്‍ണ്ണമായ പ്രതിബദ്ധത ആവശ്യമാണ്' മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
കോലിയും രോഹിതും ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 'ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളോട് കര്‍ശന നിലപാട് സ്വീകരിക്കണം. ഇന്ത്യന്‍ ക്രിക്കറ്റിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് അവരോട് പറയണം', ഗവാസ്‌കര്‍ പറഞ്ഞു.
രോഹിത് ശര്‍മ്മയ്ക്ക് പകരം ജസ്പ്രീത് ബുംറ ടെസ്റ്റ് ക്യാപ്റ്റനാകുമെന്നാണ് സൂചന. കോലിയും രോഹിതും ഏകദിന ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.