പന്തിന്റെ റെക്കോർഡ് ലേലം വിളിയിൽ നടന്നത് ‘ഈഗോ ക്ലാഷോ’? മറുപടി പറഞ്ഞു ടീമുടമ
ഐപിഎൽ 2025 മെഗാ ലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 27 കോടി രൂപയ്ക്ക് ഋഷഭ് പന്തിനെ സ്വന്തമാക്കിയപ്പോൾ പിറന്നത് കോടിക്കണക്കുകളുടെ പുതിയ ചരിത്രമാണ്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി പന്ത് മാറി.
എൽഎസ്‌ജിയും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ പന്തിനെ സ്വന്തമാക്കാൻ വലിയ പോരാട്ടം നടന്നു. ഒടുവിൽ 20.75 കോടി രൂപയ്ക്ക് എൽഎസ്‌ജി മുന്നിലെത്തിയെങ്കിലും ഡൽഹി ക്യാപിറ്റൽസ് റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡ് ഉപയോഗിച്ചു. തുടർന്ന് എൽഎസ്‌ജി ഒറ്റയടിക്ക് ഏഴുകോടി രൂപ കൂട്ടി 27 കോടി രൂപയുടെ അവസാന ലേലം വിളിച്ച് പന്തിനെ സ്വന്തമാക്കി.
ഈ വാങ്ങലിനെ ചിലർ 'ഈഗോ വാങ്ങൽ' എന്നാണ് വിശേഷിപ്പിച്ചത്. ഡൽഹി ആർടിഎം ഉപയോഗിച്ചതിൽ പ്രകോപിതനായാണ് എൽഎസ്‌ജി ഉടമ സഞ്ജീവ് ഗോയങ്ക ഒറ്റയടിക്ക് വമ്പൻ തുക കൂട്ടി ലേലം ഉറപ്പിച്ചത് എന്നാണ് വിമർശനം. എന്നാൽ ഗോയങ്ക ഇത് നിഷേധിക്കുന്നു. പന്തിനെ വാങ്ങാൻ ലേലത്തിനെത്തുമ്പോൾ തന്നെ ഒരു ബജറ്റ് നിശ്ചയിച്ചിരുന്നുവെന്നും, അതിൽ കൂടുതൽ തുക തങ്ങൾക്ക് മുടക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഭുവനേശ്വർ കുമാറിനെ ഞങ്ങൾക്ക് ലഭിച്ചില്ല, അതിനാൽ ഞങ്ങൾ ആകാശ് ദീപിനെ തിരഞ്ഞെടുത്തു. രണ്ട് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ ഞങ്ങൾക്ക് വേണമായിരുന്നു. അവേഷ് ഖാന് 9.75 കോടിയും ആകാശ് ദീപിന് 8 കോടിയും ഞങ്ങൾ ചെലവഴിച്ചു. ഇത് ഒരു കളിക്കാരനെക്കുറിച്ചല്ല. ഇത് ഈഗോയെക്കുറിച്ചുമല്ല. ഏറ്റവും വിലയേറിയ കളിക്കാരനെ സ്വന്തമാക്കാൻ ഞങ്ങൾ ആഗ്രഹിച്ചോ? ഇല്ല. പ്രകടനവും ടീം ബാലൻസുമാണ് പ്രധാനം," അദ്ദേഹം കൂട്ടിച്ചേർത്തു.
നിക്കോളാസ് പൂരൻ, രവി ബിഷ്ണോയ്, മയങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ആയുഷ് ബദോണി എന്നിവരെ നിലനിർത്തിയ ശേഷം എൽഎസ്‌ജി ലേലത്തിൽ 19 കളിക്കാരെ കൂടി സ്വന്തമാക്കി.
പന്തിന് ശേഷം അവേഷ് ഖാൻ (9.75 കോടി), ആകാശ് ദീപ് (8 കോടി) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. മിച്ചൽ മാർഷും ഐഡൻ മാർക്രമും ഉൾപ്പെടുന്ന ഓപ്പണിംഗ് ജോഡി മത്സരത്തിലെ ഏറ്റവും ശക്തമായ ഒന്നല്ല. അതിനാൽ പന്തിനും പൂരനും മധ്യനിരയിൽ റൺറേറ്റ് കൂട്ടുന്ന അധിക ഉത്തരവാദിത്തമുള്ള ലൈനപ്പായിരിക്കും ലഖ്‌നൗവിന്റേത്.